മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത; പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. അടുത്ത രണ്ട് ദിവസം കൂടി കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം ശക്തമായ മഴയെ തുടര്‍ന്ന് മൂന്നാര്‍ ഹെഡ് വര്‍ക്‌സ് ഡാമിന്റെ രണ്ടാമത്തെ ഷട്ടറും ഇന്ന് തുറന്നു. മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മൂന്നാറില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ കാറ്റും മഴയുമാണ്.

അതേസമയം മൂന്നാറിലെ താഴ്ന്ന മേഖലകളിലും വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുകയാണ്. മൂന്നാര്‍ ഗ്യാപ് റോഡില്‍ മണ്ണിടിച്ചിലുണ്ടായി. നേരത്തെ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു.

അതേസമയം ജലനിരപ്പ് ഉയര്‍ന്നത് കൊണ്ട് പത്തനംതിട്ട മണിയാര്‍ അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. കക്കാട്ടാറില്‍ ഒരു മീറ്റര്‍ വരെയും പമ്പയാറില്‍ 80 സെന്റീമീറ്റര്‍ വരെയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. തൃശൂര്‍ പൂമലഡാമില്‍ ജലനിരപ്പ് 27 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഒന്നാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 28 അടിയാവുമ്പോള്‍ ഷട്ടറുകള്‍ തുറക്കുമെന്നാണ് കളക്ടര്‍ അറിയിച്ചത്. ഷട്ടറുകള്‍ ഏതു സമയവും തുറക്കാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

Exit mobile version