പ്രയാസത്തിലായ പ്രവാസികൾക്കായി 50 കോടി രൂപ അനുവദിച്ചു; കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ, റിസ്‌ക് അലവൻസിലും വർധന

തിരുവനന്തപുരം: കൊവിഡും ലോക്ക്ഡൗണും കാരണം ജോലിസ്ഥലത്തേക്ക് മടങ്ങാൻ സാധിക്കാതെ ദുരിതത്തിലായ പ്രവാസികൾക്ക് 5,000 രൂപവീതം ധനസഹായം നൽകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 50 കോടിരൂപ അനുവദിച്ചു. നോർക്ക റൂട്ട്‌സിന് ഈ തുക അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ അനുവദിച്ച എട്ടരക്കോടി രൂപയ്ക്ക് പുറമെയാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന എൻഎച്ച്എം (നാഷണൽ ഹെൽത്ത് മിഷൻ) ജീവനക്കാർക്ക് പ്രതിഫലം പരിമിതമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കരാർ, ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവർക്ക് കൂടുതൽ ആനുകൂല്യങ്ങളും ഇൻസെന്റീവും റിസ്‌ക് അലവൻസും ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രതിമാസം 22,68,00,000 രൂപ അധിക ബാധ്യതയായി അനുവദിക്കും.

*മെഡിക്കൽ ഓഫീസർമാർ, സ്‌പെഷ്യലിസ്റ്റുകൾ എന്നിവർ ഗ്രേഡ് ഒന്നിലാണ് വരുന്നത്. അവരുടെ കുറഞ്ഞ വേതനം 40,000 എന്നത് 50,000 ആയി ഉയർത്തും. 20 ശതമാനം റിസ്‌ക് അലവൻസും അനുവദിക്കും.

*സീനിയർ കൺസൾട്ടന്റുമാർ, ഡെന്റൽ സർജൻ, ആയുഷ് ഡോക്ടർമാർ എന്നിവർ ഉൾപ്പെട്ട രണ്ടാം കാറ്റഗറിക്ക് 20 ശതമാനം റിസ്‌ക് അലവൻസ് അനുവദിക്കും.

*മൂന്നാമത്തെ വിഭാഗത്തിൽപ്പെടുന്ന സ്റ്റാഫ് നഴ്‌സുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഫാർമസിസ്റ്റുകൾ, ടെക്‌നീഷ്യന്മാർ തുടങ്ങിയവർക്ക് കുറഞ്ഞ പ്രതിമാസ വേതനം 13,500 ആണ്. ഇത് 20,000 ആയി ഉയർത്തും. 25 ശതമാനം റിസ്‌ക് അലവൻസും ഇവർക്ക് അനുവദിക്കും.

*ലാസ്റ്റ് ഗ്രേഡ് ദിവസ വേതനക്കാർക്ക് ദിവസ വേതനത്തിന് പുറമെ 30 ശതമാനം റിസ്‌ക് അലവൻസും അനുവദിക്കും.

*കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി അധിക ജീവനക്കാരുണ്ടെങ്കിൽ ഇൻസെന്റീവുകളും റിസ്‌ക് അലവൻസും പുതുതായി നിയമിക്കപ്പെട്ട എല്ലാ ജീവനക്കാർക്കും അനുവദിക്കും

*കൊവിഡ് ഹെൽത്ത് പോളിസി പാക്കേജുകൾ, കെഎഎസ്പി സ്‌കീമിന്റെ പരിധിയിൽ വരാത്ത ജീവനക്കാർക്ക് നൽകും കോവിഡ് ബ്രിഗേഡിലെ എല്ലാ അംഗങ്ങൾക്കും മുഖ്യമന്ത്രിയുടെ അഭിനന്ദന സർട്ടിഫിക്കറ്റുകൾ നൽകും

Exit mobile version