‘രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 19 ലക്ഷം കവിഞ്ഞു, അതെങ്ങനെ മറികടക്കാമെന്നാണ് നമ്മള്‍ ആലോചിക്കേണ്ടത്’; രാമക്ഷേത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കൊവിഡ് ബാധിതരുടെ എണ്ണം ഓര്‍മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രിയങ്ക ഗാന്ധിയുടെ നിലപാടില്‍ അത്ഭുതമില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഓര്‍മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 19 ലക്ഷം കവിഞ്ഞു. അതെങ്ങനെ മറികടക്കാമെന്നാണ് നമ്മള്‍ ആലോചിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ ദാരിദ്ര്യത്തില്‍ ബുദ്ധിമുട്ടുന്ന മനുഷ്യരുണ്ട്, അവര്‍ക്കെങ്ങനെ ആശ്വാസമേകാമെന്നാണ് നമ്മള്‍ ആലോചിക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ അതാണ് ചെയ്യുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വ നല്‍കുന്നവര്‍ക്ക് അലവന്‍സടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. ബാക്കിയുള്ളത് പിന്നെയാകാം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അയോധ്യയുമായി ബന്ധപ്പെട്ട് സിപിഎം നിലപാടാണ് അറിയേണ്ടതെങ്കില്‍ അത് നേരത്തെ പോളിറ്റ് ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്. അയോധ്യയില്‍ പ്രിയങ്ക ഗാന്ധിയുടെ നിലപാടില്‍ അത്ഭുതമില്ല, കോണ്‍ഗ്രസ് ചരിത്രപരമായി തന്നെ മൃദു ഹിന്ദുത്വ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രിയങ്കാ ഗന്ധിയുടെ നിലപാടില്‍ എനിക്കൊരു അത്ഭുതമില്ല. എല്ലാ കാലത്തും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് എന്താണെന്ന് നമുക്ക് അറിയാവുന്നതാണ്. മതനിരപേക്ഷതയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് നിലപാടുണ്ടായിരുന്നെങ്കില്‍ രാജ്യത്തിന് ഈ ഗതി വരില്ലായിരുന്നു. രാഹുല്‍ ഗാന്ധിയുടെയോ പ്രിയങ്കയുടെയോ നിലപാടില്‍ പുതുതായി ഒന്നുമില്ല.

കോണ്‍ഗ്രസ് എന്നും മൃദു ഹിന്ദുത്വനിലപാടാണ് സ്വീകരിച്ചത്. ബാബറി മസ്ജിത് തകര്‍ക്കാന്‍ സംഘപരിവാര്‍ പാഞ്ഞടത്തപ്പോള്‍ നിസംഗമായി നിന്നത് കോണ്‍ഗ്രസായിരുന്നു. കോണ്‍ഗ്രസ് ഇത്തരം നിലപാടുകളുമായി മുന്നോട്ടുപോയപ്പോഴൊക്കെ പിന്തുണ നല്‍കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്റേത്-മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version