ഇന്‍സ്‌പെക്ടര്‍ അടക്കം നാല് പേര്‍ക്കാണ് കൊവിഡ്; അടൂര്‍ എക്‌സൈസ് ഓഫീസ് അടച്ചു

പത്തനംതിട്ട: എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടൂര്‍ എക്‌സൈസ് ഓഫീസ് അടച്ചു. ഇന്‍സ്‌പെക്ടര്‍ അടക്കം നാല് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്നാണ് ഓഫീസ് താല്‍ക്കാലികമായി അടച്ചത്.

അതേസമയം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അനാട്ടമി വിഭാഗത്തിലെ വനിതാ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് രണ്ടാഴ്ച മുമ്പ് യാത്ര പോയിരുന്നു. ബസിലാണ് ഇവര്‍ യാത്ര ചെയ്തത്. അതുകൊണ്ട് തന്നെ ബസില്‍ നിന്നാണോ അതോ കോഴിക്കോടു നിന്നാണോ സമ്പര്‍ക്കം വഴി രോഗം ലഭിച്ചതെന്ന സംശയത്തിലാണ് അധികൃതര്‍.

യാത്ര കഴിഞ്ഞ് എത്തിയ ഇവര്‍ സ്വയം ക്വാറന്റൈനില്‍ പോയിരുന്നു. തുടര്‍ന്ന് രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്കൊപ്പം ജോലി ചെയ്തവരും അനാട്ടമി വിഭാഗത്തിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും നിരീക്ഷണത്തില്‍ പോയിരിക്കുകയാണ്. അനാട്ടമിയിലെ ജീവനക്കാര്‍ ഭക്ഷണം കഴിച്ചിരുന്ന മെഡിക്കല്‍ കോളജ് എംപ്ലേയീസ് സംഘത്തിന്റെ കീഴിലുള്ള കാന്റീനും ഇതേ തുടര്‍ന്ന് അടച്ചു.

Exit mobile version