ഇരുട്ടുമുറിയിലേക്ക് മാറ്റി; കുളിപ്പിക്കുകയോ വസ്ത്രങ്ങൾ മാറ്റുകയോ ശരിയായി ഭക്ഷണം നൽകുകയോ ചെയ്യുന്നില്ല; മാർക്രിസോസ്റ്റം ആശുപത്രിയിൽ അനുഭവിക്കുന്നത് ക്രൂരതയെന്ന് ഡ്രൈവർ

പത്തനംതിട്ട: ജനകീയനായ മാർത്തോമ സഭയിലെ വലിയ മെത്രാപ്പോലീത്ത ഡോ.ഫിലിേപ്പാസ് മാർ ക്രിസോസ്റ്റം ആശുപത്രിയിൽ ആരാലും കരുണ കാണിക്കാനില്ലാതെ ദുരിതത്തിലാണെന്ന് ഡ്രൈവറുടെ ആരോപണം. 102 വയസ്സ് പിന്നിടുന്ന മെത്രാപ്പോലീത്ത മാർ ക്രിസോസ്റ്റം മാർത്തോമ സഭയുടെ തന്നെ ഉടമസ്ഥതയിലുള്ള കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ പീഡനം അനുഭവിക്കുന്നതായാണ് ഡ്രൈവറുടെ ആരോപണം.

14 വർഷത്തോളം അദ്ദേഹത്തിന്റെ ഡ്രൈവറുമായിരുന്ന എബി ജെ എബ്രഹാം സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമയ്ക്ക് നൽകിയ പരാതിയിലാണ് ഇക്കാര്യം ആരോപിക്കുന്നത്. ഒരു വർഷമായി കുമ്പനാട് ഫെലോഷിപ് ആശുപത്രിയിലെ 42ാം നമ്പർ സ്യൂട്ട് റൂമിലാണ് മെത്രാപ്പോലീത്തയെ കിടത്തിയിരുന്നത്. കുറെ ദിവസം മുമ്പ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ആ മുറിയിൽനിന്ന് മാറ്റി ഇരുട്ട് നിറഞ്ഞ മറ്റൊരു മുറിയിലാക്കി. പലതവണ അദ്ദേഹം തന്നെ അഭ്യർത്ഥിച്ചിട്ടും തിരികെ മാറ്റിയില്ല. നല്ല ഭക്ഷണം കൊടുക്കുന്നില്ലെന്നും എബി പറയുന്നു. താനുള്ളപ്പോൾ പുറമേ നിന്നും വാങ്ങി കൊടുക്കുകയും കുളിപ്പിച്ച് മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റുകയും ചെയ്യുമായിരുന്നു. ഇപ്പോൾ തുടച്ച് പൗഡർ ഇടുക മാത്രമാണ് ചെയ്യുന്നത്. രണ്ടും മൂന്നും മാസം കൂടുമ്പോഴാണ് കുളിപ്പിക്കാറ്. ആരെങ്കിലും കാണാൻ വന്നാൽ മാത്രമാണ് വസ്ത്രം മാറ്റുന്നത്.

അദ്ദേഹത്തിന് ഭക്ഷണം എത്തിക്കുന്നത് ആംബുലൻസിലാണ്. കഴുകാനുള്ള തുണിയും മൃതദേഹവും കയറ്റുന്നതും ഇതിൽതന്നെ. പരാതിപ്പെട്ടപ്പോൾ ഇവിടെ ഈ സൗകര്യമൊക്കെയേ ഉള്ളൂ വേണമെങ്കിൽ മതി എന്നായിരുന്നു അഡ്മിനിസ്‌ട്രേറ്ററുടെ മറുപടിയെന്നും എബി പരാതിയിൽ പറയുന്നു. ഇവരുടെ കൈയിൽനിന്ന് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കണമെന്നും എബി പറയുന്നു. പരാതി പുറത്തുവന്നതിന് ശേഷം സഭാ വിശ്വാസികളടക്കം പ്രതിഷേധം അറിയിക്കുകയും സംഭവം വിവാദമാവുകയും ചെയ്തു.

യാതൊരു പ്രതിഫലവും ഇല്ലാതെ വലിയമെത്രാപ്പോലീത്തയെ ശ്രുശ്രൂഷിക്കാൻ താൻ തയ്യാറാണെന്ന് ഡ്രൈവറായിരുന്ന തിരുവല്ല കുറ്റപ്പുഴ നെല്ലിമൂട്ടിൽ എബി ജെ എബ്രഹാം പറഞ്ഞതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പ്രതിഫലം കൂടാതെ ശുശ്രൂഷിക്കാമെന്ന് രേഖാമൂലം അറിയിച്ചിട്ടും സഭാധ്യക്ഷൻ മുഖംതിരിച്ചിരിക്കയാണെന്നും എബി പറഞ്ഞു. അവശനായി കഴിയുന്ന സന്ദർഭത്തിൽ അദ്ദേഹത്തെ ശ്രുശ്രൂഷിക്കുക എന്നത് കടമയായി കരുതുന്നു. 2006 ലാണ് അദ്ദേഹത്തിനൊപ്പം കൂടുന്നത്. അതിന് മുമ്പ് തിരുവല്ലയിൽ ചെറിയജോലിയായിരുന്നു. ജോലി ഇല്ലാത്ത വെകുന്നേരങ്ങളിൽ ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കാൻ അദ്ദേഹമാണ് സഹായിച്ചത്. വീട് വെക്കാനും മക്കളുടെ വിദ്യാഭ്യാസത്തിനും വീട്ടിലെ മറ്റ് ആവശ്യങ്ങൾക്കും സഹായിച്ചിട്ടുണ്ടെന്നും എബി പറയുന്നു.

Exit mobile version