വയനാട്ടില്‍ ആശങ്കയേറുന്നു; തവിഞ്ഞാലില്‍ 26 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, രോഗം സ്ഥിരീകരിച്ചത് ആന്റിജന്‍ പരിശോധനയില്‍

കല്‍പ്പറ്റ: വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ 26 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ അമ്പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് കൂടുതല്‍ പേരില്‍ പരിശോധന നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

വാളാട് മരണാന്തര ചടങ്ങിലും വിവാഹത്തിലും പങ്കെടുത്തവര്‍ക്കും ബന്ധുക്കള്‍ക്കും ഇവരുമായി ബന്ധപ്പെട്ടവര്‍ക്കുമാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളെയും നിയന്ത്രിത മേഖലയാണ്.

അതേസമയം ജില്ലയില്‍ കഴിഞ്ഞ ദിവസം 53 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 49 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും എത്തിയതാണ്. ജില്ലയിലെ വലിയ കൊവിഡ് ക്ലസ്റ്റര്‍ ആയ തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാടാണ് സമ്പര്‍ക്ക രോഗികള്‍ ഏറ്റവും കൂടുതലുള്ളത്.

Exit mobile version