ഒടുവിൽ എല്ലാം റെഡി ആയി; ഫായിസിന് സ്മാർട്ട് ടിവിയും 10,000 രൂപയും കിറ്റും സമ്മാനിച്ച് മിൽമ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി ഫായിസും

മലപ്പുറം: ചെലോൽത് റെഡിയാകും ചെലോൽത് റെഡിയാകൂല, റെഡി ആയില്ലെങ്കിലും ഞമ്മക്ക് ഒരു കൊയപ്പല്ല്യാ, സോഷ്യൽമീഡിയ ഏറ്റെടുത്ത ഈ വാക്കുകളുടെ ‘ഉപജ്ഞാതാവ്’ നാലാം ക്ലാസുകാരൻ ഫായിസിനെ ആദിച്ച് മിൽമ. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണയിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ഫായിസിന് മിൽമ 25,000 രൂപയുടെ സ്‌നേഹോപഹാരമാണ് കൈമാറിയത്. ഫായിസിന്റെ വാക്കുകൾ മിൽമ കഴിഞ്ഞദിവസം ഫേസ്ബുക്കിൽ പരസ്യമായി ചേർത്തത് വൈറലായിരുന്നു. ഇതിന് പിറകെയാണ് അധികൃതർ ഫായിസിന്റെ വീട്ടിലെത്തി സമ്മാനം കൈമാറിയത്. പാരിതോഷികമായി 10000 രൂപയും 14,000 രൂപയുടെ സ്മാർട്ട് ടിവിയും മിൽമയുടെ മുഴുവൻ ഉൽപന്നങ്ങളുടെ കിറ്റുമാണ് ഫായിസിന് സമ്മാനിച്ചത്.

അതേസമയം,,സമ്മാനമായി ലഭിച്ച പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന ഫായിസിന്റെ വാക്കുകളും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഫായിസിന്റെ വാക്കുകൾ ഉപയോഗിച്ച് മിൽമ മലബാർ മേഖലാ യൂണിയനാണു ഫേസ്്ബുക്കിൽ പരസ്യം നൽകിയത്. ചെലോൽത് ശരിയാവും, ചെലോൽത് ശരിയാവൂല. പക്ഷേ ചായ എല്ലാർതും ശരിയാകും, പാൽ മിൽമ ആണെങ്കിൽ,” എന്നതായിരുന്നു പരസ്യത്തിലെ വാചകം. മിൽമ പരസ്യവാചകമാക്കുന്നുവെന്ന് അറിയിച്ചതോടെ തന്നെ ഫായിസിന് പ്രതിഫലം നൽകണമെന്ന ആവശ്യം സോഷ്യൽ മീഡിയ മിൽമയ്ക്ക് മുന്നിൽ വെച്ചിരുന്നു. മിൽമ മലബാർ മേഖലാ യൂണിയന്റെ ഫേസ്ബുക്ക് പേജിലും വാട്‌സാപ്പ് ഗ്രൂപ്പിലാണു പരസ്യം പ്രത്യക്ഷപ്പെട്ടത്.

മലപ്പുറം കളക്ടറും ഫായിസിന്റെ വാക്കുകൾ ഏറ്റുപിടിച്ച് കൊവിഡ് ബോധവത്കരണ സന്ദേശമിറക്കിയിരുന്നു. ഇതും സമൂഹ മാധ്യമങ്ങളിൽ ഹിറ്റായിരുന്നു. മിൽമക്ക് പിറകെ ജില്ല പോലീസും ഫായിസിന് സമ്മാനങ്ങളുമായി എത്തി.

Exit mobile version