സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ സിപിഎം-ബിജെപി ധാരണയോ? ചോദ്യത്തിന് മൗനം പാലിച്ച് മുഖ്യമന്ത്രി; നോൺസെൻസ് ചോദ്യങ്ങൾ ഒഴിവാക്കുന്നതിലെ കലയെന്ന് അഭിനന്ദിച്ച് ആഷിക്ക് അബു

തിരുവനന്തപുരം: വാർത്താസമ്മേളനത്തിടെ ബിജെപിയും സിപിഎം തമ്മിൽ സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ധാരണയുണ്ടാക്കിയെന്ന ആരോപണമുണ്ടല്ലോ എന്നമാധ്യമങ്ങളുടെ ചോദ്യത്തിന് മൗനം പാലിച്ച മുഖ്മന്ത്രിക്ക് അഭിനന്ദനങ്ങളുമായി സോഷ്യൽമീഡിയ. നോൺസെൻസ് ചോദ്യങ്ങൾ ഒഴിവാക്കുന്നതിലെ കലയെന്നാണ് മുഖ്യമന്ത്രി പിണറായി വിജന്റെ പ്രവർത്തിയെ സംവിധായകൻ ആഷിക്ക് അബു വിശേഷിപ്പിച്ചത്. അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്റെ അഭിപ്രായം ഷെയർ ചെയ്തായിരുന്നു വിഷയത്തിൽ ആഷിക്ക് അബുവിന്റെ പ്രതികരണം.

‘സാമാന്യബുദ്ധി എന്നൊന്ന് ഇല്ലാതാകുമോ മനുഷ്യർക്ക്? മാധ്യമപ്രവർത്തനം ഒരർത്ഥത്തിൽ ചോറും കച്ചവടവും ഒക്കെയാണ്, പല വിട്ടുവീഴ്ചകളും വേണ്ടിവരും. പക്ഷെ എല്ലാ മനുഷ്യരുടെയും സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന തരം ചോദ്യം ചോദിക്കാമോ? ബിജെപിയും സിപിഎമ്മും തമ്മിൽ അടുത്ത തെരഞ്ഞെടുപ്പിൽ ധാരണ എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. അത് അപ്പടി ചോദിക്കാൻ ഒരു ജേണലിസ്റ്റ്. ഏത് ഉത്തരം പറഞ്ഞാലും വിവാദമാകുന്ന കാലത്ത് പിണറായി വിജയൻ പറ്റിയ ഉത്തരം തന്നെ നൽകി’. എന്നായിരുന്നു വിഷയത്തിൽ അഡ്വ.ഹരീഷ് വാസുദേവൻ പ്രതികരിച്ചത്.

തിങ്കളാഴ്ച്ച വൈകുന്നേരം നടന്ന വാർത്താസമ്മേളനത്തിലാണ് സിപിഎമ്മും ബിജെപിയും തമ്മിൽ സ്വർണ്ണക്കടത്ത് കേസിൽ ധാരണയുണ്ട് എന്ന് കോൺഗ്രസ് ആരോപിക്കുന്നണ്ടല്ലോ എന്ന ചോദ്യം മാധ്യമപ്രവർത്തക ഉന്നയിച്ചത്. എന്നാൽ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകാതെ 16 സെക്കന്റ് മിണ്ടാതിരിക്കുകയായിരുന്നു. പിന്നീട് മറുപടി അർഹിക്കാത്തതുകൊണ്ടാണ് പ്രതികരിക്കാത്തത് എന്നായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്.

Exit mobile version