ചെക്യാടിന് പിന്നാലെ തിരുവളളൂരിലും കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; പതിനേഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ചെക്യാടിന് പിന്നാലെ തിരുവളളൂരിലും കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. പുതുതായി പതിനേഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 33 ആയി ഉയര്‍ന്നു. ഇരുന്നൂറ് പേര്‍ക്കിടയില്‍ നടത്തിയ ആന്റിജന്‍ പരിശോധയിലാണ് പതിനേഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.

അതേസമയം ചെക്യാട് ഡോക്ടറുടെ കല്യാണ വീട് ഉള്‍പ്പെടുന്ന ക്ലസ്റ്ററിലും കഴിഞ്ഞ ദിവസം പുതിയ രോഗബാധിതരെ കണ്ടെത്തിയിരുന്നു. ചെക്യാട് ഇന്നലെ 135 പേര്‍ക്കിടയില്‍ ആന്റിജന്‍ പരിശോധന നടത്തിയതിലാണ് ഏഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.

പുതുതായി രോഗം സ്ഥിരീകരിച്ചവര്‍ ഡോക്ടറുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് രോഗം വന്നവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ്. ഇതോടെ വിവാഹ വീട് ഉള്‍പ്പെടുന്ന ക്ലസ്റ്ററില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. അതേസമയം കോഴിക്കോട് കോര്‍പ്പറേഷനിലും സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടി വരുന്നത് ആശങ്ക കൂട്ടുന്നുണ്ട്. മിഠായിത്തെരുവ് പ്രദേശമടക്കം ഇപ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണിലാണ്.

Exit mobile version