സ്വന്തം വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ അനുവദിക്കാതെ നാട്ടുകാരുടെ പ്രതിഷേധം; ഒടുവിൽ 22കാരിയായ സർക്കാർ ജീവനക്കാരിക്ക് കൈത്താങ്ങായി അധികൃതർ

ചിറ്റൂർ: തമിഴ്‌നാട്ടിൽ നിന്നെത്തിയതിനെ തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ തീരുമാനിച്ച യുവതിക്കെതിരെ പ്രതിഷേധവുമായി ഇരച്ചെത്തി നാട്ടുകാർ. കോയമ്പത്തൂരിൽ നിന്നെത്തിയ യുവതിയെ സ്വന്തം വീട്ടിൽ പ്രവേശിപ്പിക്കരുതെന്ന് നാട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. കോയമ്പത്തൂരിൽ സർക്കാർ ജീവനക്കാരിയായ 22 കാരിക്കാണ് ഈ ദുനുഭവം.

കഴിഞ്ഞദിവസം യുവതി ചിറ്റൂരിലെ വീട്ടിലെത്തിയപ്പോഴാണ് സമീപവാസികളായ 50 ലേറെ പേർ പ്രതിഷേധവുമായെത്തിയത്.ആരോഗ്യ പ്രവർത്തകരും പോലീസും ജനപ്രതിനിധികളുമുൾപ്പെടെയുള്ളവർ ഇടപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. ചിറ്റൂർ തത്തമംഗലം നഗരസഭയിലെ കാടൂരിലാണ് സംഭവം.

യുവതി നാട്ടിലെത്തിയതോടെ കുടുംബാംഗങ്ങൾ വാടകവീട്ടിലേക്ക് മാറുകയും സ്വന്തം വീട്ടിൽ ക്വാറന്റെൻ സൗകര്യമൊരുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇവർ താമസിക്കാനെത്തിയതോടെ നാട്ടുകാർ തടയുകയായിരുന്നു. തുടർന്ന് ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലേക്ക് മാറി.യുവതി ജില്ല കലക്ടർക്ക് പരാതി നൽകി.

Exit mobile version