കോവിഡ് പരിശോധന നടത്താന്‍ പേടി, ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിയ വിവരമറിഞ്ഞ് യുവാവ് ശുചിമുറിയില്‍ ഒളിച്ചു

ഒറ്റപ്പാലം: കോവിഡ് പരിശോധന നടത്താന്‍ പേടിയായതിനാല്‍ വിദേശത്തുനിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് ശുചിമുറിയില്‍ ഒളിച്ചു. ഒറ്റപ്പാലത്താണ് സംഭവം. ആരോഗ്യ പ്രവര്‍ത്തകര്‍ പിപിഇ കിറ്റ് ധരിച്ചെത്തി നടത്തിയ അനുനയ നീക്കത്തിലാണ് ഇയാള്‍ പരിശോധനയ്ക്ക് വിധേയനായവാന്‍ തയ്യാറായത്.

ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വിദേശത്തുനിന്നെത്തിയതിന് പിന്നാലെ ഗവ ആയുര്‍വേദ ആശുപത്രിയുടെ ഉപകേന്ദ്രത്തില്‍ നഗരസഭ ഒരുക്കിയ ക്വാറന്റീന്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവാണ് ആന്റിജന്‍ പരിശോധനയ്ക്കു കൊണ്ടുപോകാന്‍ ഒരുങ്ങുന്നതിനിടെ ശുചിമുറിയില്‍ ഒളിച്ചിരുന്നത്.

ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ കൊണ്ടുപോകാനായി ആംബുലന്‍സ് എത്തിയത് അറിഞ്ഞാണു യുവാവ് ശുചിമുറിയില്‍ അഭയം തേടിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ പലതവണ വിളിച്ചെങ്കിലും വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ഇയാള്‍ തയാറായില്ലെന്നാണു വിവരം.

പരിശോധന നടത്താനുള്ള ഭയം കാരണമാണ് യുവാവ് പുറത്തിറങ്ങാതിരുന്നത്. പിന്നീട് ആരോഗ്യ പ്രവര്‍ത്തകര്‍ പിപിഇ കിറ്റ് ധരിച്ചെത്തി നടത്തിയ അനുനയ നീക്കത്തിലാണ് ഇയാള്‍ വാതില്‍ തുറന്നത്. തുടര്‍ന്നാണു യുവാവിനെ ആശുപത്രിയിലെത്തിച്ച് ആന്റിജന്‍ പരിശോധനയ്ക്കു വിധേയനാക്കിയത്. പരിശോധനയില്‍ ഇയാള്‍ക്ക് രോഗബാധയില്ലെന്നു സ്ഥിരീകരിച്ചു.

Exit mobile version