ചരിത്രമായി ഇ-പാസ്സിംഗ് ഔട്ട് പരേഡ്: കേരള പോലീസിലേക്ക് 104 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ കൂടി

തിരുവനന്തപുരം: കോവിഡ് കാലത്ത് ഓണ്‍ലൈനായി പോലീസുകാരുടെ പാസ്സിംഗ് ഔട്ട് പരേഡും. കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 104 സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനികള്‍ ഇ പാസ്സിംഗ് ഔട്ട് പരേഡിലൂടെ ഇന്ന് കേരള പോലീസ് സേനയുടെ ഭാഗമായി.

രാജ്യത്ത് ആദ്യമായാണ് ഓണ്‍ലൈനിലൂടെ സബ് ഇന്‍സ്പെക്ടര്‍മാര്‍ക്കായുള്ള പാസിംഗ് പരേഡ് സംഘടിപ്പിച്ചത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പാസ്സിംഗ് ഔട്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ സല്യൂട്ട് സ്വീകരിച്ചു. ഡിജിപി ലോക് നാഥ് ബെഹ്‌റയും തിരുവനന്തപുരത്ത് നിന്ന് ഓണ്‍ലൈനായി പങ്കെടുത്തു. കേരള പോലീസ് അക്കാഡമി ഡയറക്ടര്‍ ബി.സന്ധ്യ തൃശ്ശൂരില്‍ ചടങ്ങില്‍ സംബന്ധിച്ചു.

29 ബി, 30-ാം ബാച്ച് പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരുടെ പാസ്സിങ് ഔട്ട് പരേഡാണ് രാമവര്‍മ്മപുരം അക്കാദമി ഓഡിറ്റോറിയത്തില്‍ ഓണ്‍ലൈനായി നടന്നത്. 2019 മെയ് 13നും ജൂലൈ അഞ്ചിനുമായി പരിശീലനം ആരംഭിച്ച രണ്ട് ബാച്ചുകള്‍ ആണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ആദ്യ ബാച്ചില്‍ 60 പേരും രണ്ടാം ബാച്ചില്‍ 44 പേരും ഉണ്ട്. ഇവരില്‍ 14 പേര്‍ വനിതകളാണ്.

തീവ്രപരിശീലനം, മാനസികാരോഗ്യ ക്ലാസുകള്‍, പൊതുപരീക്ഷകള്‍, വിലയിരുത്തല്‍ എന്നിവയെല്ലാം ഇ-ലേണിങ് പദ്ധതിയിലൂടെ നടത്തി. ഓണ്‍ലൈനിലൂടെ തന്നെയായിരുന്നു ഇന്‍ഡോര്‍ പരിശീലനവും, കായികക്ഷമത പരിശീലനങ്ങളും നടന്നത്.

സാധാരണ പോലീസ് അക്കാദമിയിലെ വിശാലമായ പരേഡ് ഗ്രൗഡില്‍ മുഖ്യമന്ത്രിയുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ കായിക അഭ്യാസം ഉള്‍പ്പെടുത്തി കൊണ്ടാണ് ഓരോ ബാച്ചിന്റെയും പാസ്സിംഗ് ഔട്ട് നടത്താറുള്ളത്. പകരം ഇത്തവണ അക്കാദമിയിലെ തിങ്ക് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്.

പാസ്സിംഗ് ഔട്ട് ഓണ്‍ലൈനിലൂടെ തത്സമയം കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കേരള പോലീസ് അക്കാദമിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പരേഡിന്റെ തത്സമയം പ്രദര്‍ശനം.

Exit mobile version