ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാൽ വീട്ടിലേക്ക് മടങ്ങാം; വീണ്ടും കൊവിഡ് ചികിത്സാ മാനദണ്ഡം മാറ്റി സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ചികിത്സാ മാനദണ്ഡം മാറ്റി ആരോഗ്യവകുപ്പ്. പിസിആർ ടെസ്റ്റ് നടത്തിയായിരുന്നു രോഗികളെ ഡിസ്ചാർജ് ചെയ്തിരുന്ന നടപടിയാണ് തിരുത്തുന്നത്. ഇനിമുതൽ ആന്റിജൻ പരിശോധന നെഗറ്റീവായാൽ ആശുപത്രി വിടാമെന്നാണ് പുതിയ ഉത്തരവ്. ആന്റിജൻ ടെസ്റ്റ് നടത്തിയാൽ അരമണിക്കൂറിൽ തന്നെ റിസൾട്ട് അറിയാം.

അതേസമയം, ഇത് രണ്ടാം തവണയാണ് ആരോഗ്യ വകുപ്പ് ഡിസ്ചാർജ് പ്രോട്ടോകോളിൽ മാറ്റം വരുത്തുന്നത്. നേരത്തെ രണ്ട് പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്നുറപ്പിച്ച ശേഷമായിരുന്നു രോഗികളെ ഡിസ്ചാർജ് ചെയ്തിരുന്നത്. എന്നാൽ അത് പിന്നീട് ഒറ്റത്തവണയാക്കി ചുരുക്കിയിരുന്നു.സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പരിശോധന ഫലം ലഭ്യമാവാൻ കാലതാമസം നേരിടുന്നെന്ന ആക്ഷേപമുണ്ടായിരുന്ന. മാത്രമല്ല അസുഖം ഭേദമായവരെ പെട്ടെന്ന് ഡിസ്ചാർജ് ചെയ്യുക എന്ന ഉദ്ദേശവും ഇതിനു പിന്നിലുണ്ട്.

കൊവിഡ് ലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കിൽ ആദ്യ പോസിറ്റീവ് ഫലത്തിന് പത്ത് ദിവസത്തിന് ശേഷം ആന്റിജൻ ടെസ്റ്റ് നടത്താം. ഇത് നെഗറ്റീവാകുകയാണെങ്കിൽ ആശുപത്രി വിടാമെന്നാണ് പുതിയ മാനദണ്ഡം. എന്നാൽ ഇതിന് ശേഷം ഏഴ് ദിവസം സമ്പർക്ക വിലക്ക് പാലിക്കണമെന്നാണ് നിർദേശം. അതേസമയം കാര്യമായ രോഗലക്ഷണം പ്രകടിപ്പിക്കുന്നവരാണെങ്കിൽ ആദ്യത്തെ പോസിറ്റീവ് ഫലം വന്ന് 14 ദിവസത്തിന് ശേഷം പരിശോധന നടത്തണം.

Exit mobile version