അന്ന് ചുവന്നസഞ്ചി വീശി ട്രെയിൻ യാത്രക്കാരുടെ ജീവൻ രക്ഷിച്ചു; ഇന്ന് എട്ടുപേർക്ക് ജീവൻ ദാനം ചെയ്ത് അനുജിത്ത്

തിരുവനന്തപുരം: റെയിൽവേ പാളത്തിലെ വിള്ളൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചുവന്ന സഞ്ചി വീശി അരക്കിലോമീറ്ററോളം ഓടി ട്രെയിൻ തടഞ്ഞ് നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച അനുജിത്ത് ഇന്ന് മടങ്ങുന്നതും എട്ടോളം പേർക്ക് പുതുജീവൻ നൽകിയാണ്. 2010 സെപ്റ്റംബർ ഒന്നിന് ഇറങ്ങിയ പത്രവാർത്തകളിലാണ് വിദ്യാർത്ഥിയായിരുന്ന അനുജിത്തും കൂട്ടുകാരും താരങ്ങളായിരുന്നത്. ചുവന്ന പുസ്തക സഞ്ചി വീശിയാണ് അന്ന് പാളത്തിലെ വിള്ളലെത്തുന്നതിന് മുമ്പായി അനുജിത്തിന്റെയ നേതൃത്വത്തിലെ വിദ്യാർത്ഥികൾ ട്രെയിൻ തടഞ്ഞത്. ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാർത്ഥിയായിരുന്നു കൊട്ടാരക്കര ഏഴുകോൺ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തിൽ ശശിധരൻ പിള്ളയുടെ മകനായ അനുജിത്ത്. പാളത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് അര കിലോമീറ്ററോളം ട്രാക്കിലൂടെ ഓടിയാണ് വൻദുരന്തം ഒഴിവാക്കിയത്. നിരവധി പേരുടെ ജീവൻ രക്ഷിച്ച അനുജിത്ത് (27) വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച് വിടപറയുമ്പോൾ മരണാനന്തരവും എട്ടു പേർക്ക രക്ഷകനായിരിക്കുകയാണ്.

ഈ മാസം പതിനാലാം തീയതി കൊട്ടാരക്കരയ്ക്ക് സമീപം വച്ചാണ് അനുജിത്ത് ഓടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനുജിത്തിനെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവന്തപുരം മെഡിക്കൽ കോളേജിലും കിംസ് ആശുപത്രിയിലുമെത്തിച്ചു. ജീവൻ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങൾ വിഫലമാക്കി 17ന് മസ്തിഷ്‌ക മരണം സംഭവിച്ചു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.

ഇതിന് പിന്നാലെ, അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന ഭാര്യ പ്രിൻസിയും സഹോദരി അജല്യയും അനുജിത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ട് വരികയായിരുന്നു. ഹൃദയം, വൃക്കകൾ, 2 കണ്ണുകൾ, ചെറുകുടൽ, കൈകൾ എന്നിവയാണ് മറ്റുള്ളവർക്കായി നൽകിയത്. തീവ്രദു:ഖത്തിലും അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരായ കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ആദരവറിയിച്ചു. അനേകം പേരെ രക്ഷിച്ച് ജീവിതത്തിൽ തന്നെ മാതൃകയായ അനുജിത്തിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കു ചേരുന്നതായും മന്ത്രി വ്യക്തമാക്കി.

കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (KNOS) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. മുഖ്യമന്ത്രിയുടേയും ആരോഗ്യ വകുപ്പ് മന്ത്രിയുടേയും മറ്റ് പല വകുപ്പുകളുടേയും സഹകരണത്തോടെയാണ് അവയവദാന വിന്യാസം നടന്നത്. തൃപ്പുണ്ണിത്തുറ സ്വദേശി സണ്ണി തോമസിനാണ് (55) ഹൃദയം എത്തിച്ച് നൽകിയത്. എറണാകുളത്ത് ചികിത്സയിലുള്ള രോഗിക്ക് കൃത്യ സമയത്ത് ഹൃദയം എത്തിച്ചത് സർക്കാർ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ എയർ ആംബുലൻസായി ഉപയോഗിച്ചിട്ടായിരുന്നു.

തിരുവനന്തപുരം, എറണാകുളം ജില്ലാ ഭരണകൂടം, ആരോഗ്യം, പോലീസ്, ട്രാഫിക് തുടങ്ങി പല സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയാണ് അവയവദാനം നടന്നത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ റംല ബീവി, ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, മൃതസഞ്ജീവനി സംസ്ഥാന കൺവീനറും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ. സാറ വർഗീസ്, മൃതസഞ്ജീവനി നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ് എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്.

സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന അനുജിത്ത് ലോക്ഡൗൺ ആയതോടെ കൊട്ടാരക്കരയിലെ സൂപ്പർ മാർക്കറ്റിലെ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു.ഭാര്യ പ്രിൻസി ജ്വല്ലറിയിലെ ജീവനക്കാരിയാണ്. 3 വയസുള്ള ഒരു മകനുണ്ട്. അമ്മ വിജയകുമാരി. പിതാവ് ശശിധരൻ പിള്ള കൃഷിക്കാരനാണ്. ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തിന്റെ ഏക അത്താണിയെയാണ് ഇതോടെ നഷ്ടപ്പെട്ടിരിക്കുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.

Exit mobile version