എഴുതിയ പരീക്ഷകളിലെല്ലാം മികച്ച റാങ്ക്; എന്നിട്ടും കൂടുതൽ ശമ്പളവും ഉദ്യോഗകയറ്റവും ഉപേക്ഷിച്ച് യുപി സ്‌കൂൾ അധ്യാപകന്റെ പോസ്റ്റ് തിരഞ്ഞെടുത്ത് രജനീഷ്; മാതൃക

ഹരിപ്പാട്: ഇതുവരെ എഴുതിയ പിഎസ്‌സി പരീക്ഷകളിൽ ഒന്നിൽ പോലും പുറകിലായിട്ടില്ല ഈ യുവാവ്. മിക്ക പരീക്ഷകളിലും ഉന്നത വിജയവും നിയമന ശുപാർശയും കിട്ടിയിട്ടും യുപി സ്‌കൂൾ അധ്യാപകന്റെ പോസ്റ്റ് തിരഞ്ഞ്‌ടെുത്ത് അതിൽ തന്നെ അടിയുറച്ച് നിൽക്കുകയാണ് രജനീഷ്. കൂടുതൽ ശമ്പളവും ഉദ്യോഗക്കയറ്റവും കിട്ടാവുന്ന ജോലികളെല്ലാം വേണ്ടെന്നുവെച്ചത് കുട്ടികളുടെ കളിചിരികളോടൊപ്പം ചേർന്ന് നിൽക്കാനാണ്.

വെള്ളംകുളങ്ങര ഗവ. യുപി സ്‌കൂൾ അധ്യാപകനാണ് പിലാപ്പുഴ എരുമക്കാട്ട് വി രജനീഷ്. പണത്തോടും പദവിയോടുമുള്ള അമിതാഗ്രഹമല്ല, ജോലിയോടുള്ള ആത്മാർത്ഥതയും താൽപര്യവുമാണ് രജനീഷിനെ വ്യത്യസ്തനാകുന്നത്.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ബിവറേജസ് കോർപ്പറേഷൻ അസിസ്റ്റന്റ്, ജയിൽ വാർഡൻ, എൽഡി,യുഡി തുടങ്ങിയ ക്ലർക്ക് തസ്തികകൾ മുതലായ തസ്തികകളിലെല്ലാം തേടിയെത്തിയിട്ടും അതെല്ലാം വേണ്ടെന്നുവെച്ച് കൊച്ചുകുട്ടികളെ പഠിപ്പിക്കാനുള്ളജോലി മതിയെന്ന് തീരുമാനിക്കുകയായിരുന്നു ഈ യുവാവ്.

ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദവും ബിഎഡും സെറ്റും ആണ് യോഗ്യത. 2010 മുതലാണ് പിഎസ്‌സി പരീക്ഷയെഴുതി തുടങ്ങിയത്. ആദ്യമെഴുതിയ ജയിൽവാർഡൻ പരീക്ഷയിൽ റാങ്ക് 99 ആയിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ ജോലിക്കും ചേർന്നു. ഇതിനുപിന്നാലെ ആലപ്പുഴ ജില്ലയിലെ എൽഡിസി പരീക്ഷയിൽ ഒന്നാംറാങ്ക് കിട്ടിയതോടെ നാട്ടിലേക്ക് മടങ്ങി ചെങ്ങന്നൂർ നഗരസഭയിലെ ജോലി സ്വീകരിച്ചു. തൊട്ടുപിന്നാലെയാണ് യുപി സ്‌കൂൾ അസിസ്റ്റന്റ് റാങ്ക് പട്ടിക വരുന്നത്. ഇരുപതാം റാങ്കായിരുന്നു. ഇതോടെ കരുമാടി ഹൈസ്‌കൂളിൽ ജോലിക്കുചേർന്നു.

ഇതിനു പിന്നാലെയായി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ബിവറേജസ് കോർപ്പറേഷനിലെ അസിസ്റ്റന്റ്, എൽജിഎസ് തുടങ്ങിയ റാങ്ക് പട്ടികകളിൽ നിന്ന് നിയമനശുപാർശ കിട്ടി. ശമ്പളവും ഉദ്യോഗക്കയറ്റവും പരിഗണിച്ചിരുന്നെങ്കിൽ അധ്യാപകന്റെ ജോലി എന്നേ രജനീഷ് ഉപേക്ഷിച്ചേനെ. പക്ഷെ, കുട്ടികളെ പഠിപ്പിക്കാനും അവർക്കൊപ്പം ജീവിക്കാനും തീരുമാനിച്ചതിനാൽ സാമ്പത്തികലാഭം പ്രലോഭിപ്പിച്ചില്ലെന്നാണ് രജനീഷിന്റെ വാക്കുകൾ.

അഞ്ചുവർഷമായി വീടിനടുത്തുള്ള വെള്ളംകുളങ്ങര യുപി സ്‌കൂളിലാണ് പഠിപ്പിക്കുന്നത്. കുട്ടികളുടെ അമ്മമാർക്ക് മത്സരപരീക്ഷകളിൽ പരിശീലനം നൽകുന്നതിന് സർഗവിദ്യാലയം എന്നപേരിൽ സർവശിക്ഷാകേരള (എസ്എസ്‌കെ) പദ്ധതി നടപ്പാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി അമ്മമാർക്കൊപ്പം പൂർവ വിദ്യാർത്ഥിനികൾക്കും രജനീഷിന്റെ മേൽനോട്ടത്തിൽ പിഎസ്‌സി പരീക്ഷകൾക്ക് പരിശീലനം നൽകി വരികയാണ്.

ബി വിജയൻപിള്ളയുടെയും എ പദ്മകുമാരിയുടെയും മകനാണ് രജനീഷ്. ഭാര്യ: മഹിമ. മകൾ: രണ്ടാംക്ലാസ്സ് വിദ്യാർത്ഥിനി ദേവിപ്രിയ.

Exit mobile version