ജോലി വാങ്ങി പിഎസ്സിയെ കബളിപ്പിക്കാനല്ല; കുടുംബത്തെ വിശ്വസിപ്പിക്കാനാണ് വ്യാജരേഖ ഉണ്ടാക്കി ജോലിക്ക് ശ്രമിച്ചതെന്ന് രാഖി

കൊല്ലം: കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ എത്തി വ്യാജ ഉത്തരവും പിഎസ്സിയുടെ അഡൈ്വസ് മെമ്മോയും നിർമിച്ച് ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ രാഖിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ്. താൻ കുടുംബത്തെ വിശ്വസിപ്പിക്കാനാണ് വ്യാജ രേഖകൾ നിർമ്മിച്ചതെന്നും പിഎസ്സിയെ കബളിപ്പിക്കാനായിരുന്നില്ലെന്നും രാഖി മൊഴി നൽകി.

കൊല്ലം വാളത്തുംഗൽ ‘ഐശ്വര്യ’യിൽ ആർ രാഖി (25)യാണ് കേസിൽ അറസ്റ്റിലായത്. യുവതിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. വ്യാജ ഉത്തരവുമായി താലൂക്ക് ഓഫിസിൽ ജോലിയിൽ പ്രവേശിക്കാനായിരുന്നു രാഖിയുടെ ശ്രമം. പിന്നാലെ ശനിയാഴ്ച രാത്രിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ജില്ല പിഎസ്സി ഓഫീസർ ടി എ തങ്കത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

യുവതിയെ വ്യാജരേഖ നിർമ്മിക്കാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയും കൂടുതൽ തെളിവുകൾ ശേഖരിക്കുകയും ചെയ്യുമെന്ന് പോലീസ് പ്രതികരിച്ചു. യുവതിക്ക് ജാമ്യം ലഭിച്ചതോടെ ഇതിന് കഴിയാത്ത അവസ്ഥയാണ്. റിമാൻഡ് ചെയ്യാനാവശ്യപ്പെട്ട് കൊല്ലം ഈസ്റ്റ് പോലീസ് ഞായറാഴ്ച വൈകിട്ട് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയിരുന്നു.

പിഎസ്സിയെ കബളിപ്പിക്കാനല്ല, കുടുംബത്തിനെ വിശ്വസിപ്പിക്കാനാണ് വ്യാജ രേഖകൾ നിർമിച്ചതെന്ന് യുവതി കോടതിയിലും പറഞ്ഞു. മുലപ്പാൽ കുടിക്കുന്ന ചെറിയ കുട്ടിയുണ്ടെന്നതുൾപ്പെടെ വാദങ്ങൾ യുവതി ഉയർത്തുകയതോടെ കോടതി ഇടക്കാല ജാമ്യം നൽകുകയായിരുന്നു.

ALSO READ- ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി 12 യുവാക്കൾ; ഫോട്ടോ കണ്ട പോലീസ് ഞെട്ടി, എല്ലാവരും നൽകിയത് ഒരേ യുവതിയുടെ ചിത്രം

ജാമ്യം അനുവദിച്ച കോടതി ചൊവ്വാഴ്ച ഹാജരാകാൻ നിർദേശം നൽകിയാണ് വീട്ടുകാർക്കൊപ്പം യുവതിയെ പോകാൻ അനുവദിച്ചത്. കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷയും ജാമ്യം റദ്ദാക്കാനുള്ള അപേക്ഷയും ചൊവ്വാഴ്ച സമർപ്പിക്കണമെന്ന് പോലീസിനും കോടതി നിർദേശം നൽകി.

പിഎസ്‌സിയുടെ എൽഡി ക്ലർക്ക് റാങ്ക് പട്ടികയിൽ 22 -ാമത് റാങ്ക് ലഭിച്ചതായി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് വ്യാജ നിയമന ഉത്തരവ് നിർമ്മിച്ചിരുന്നു യുവതി. തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ഓഫിസിൽ കുടുംബവുമായി ജോലിയിൽ പ്രവേശിക്കാനെത്തുകയായിരുന്നു.

റവന്യൂ ജില്ല ഓഫിസർ എന്ന ഇല്ലാത്ത തസ്തികയിലുള്ള ഓഫിസർ ഒപ്പിട്ട നിയമന ഉത്തരവുമായാണ് യുവതി എത്തിയത്. ഈ ഉത്തരവ് വ്യാജമെന്ന് തഹസിൽദാറാണ് കണ്ടെത്തിയത്. പിഎസ്‌സി അധികൃതർ റാങ്ക് ലിസ്റ്റ് തിരുത്തിയതാണെന്ന ആരോപണവുമായി യുവതിയും ഭർത്താവും ജില്ല പിഎസ്‌സി ഓഫിസിൽ എത്തുകയായിരുന്നു. പിന്നീട് എല്ലാം വ്യാജമായി നിർമിച്ചതാണെന്ന് പിഎസ്‌സി അധികൃതരും പോലീസും കണ്ടെത്തിയതോടെ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു.

Exit mobile version