അർധരാത്രി ഒഴിവ് റിപ്പോർട്ട് ചെയ്ത് ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന് നീതി; അനുകൂലമായ വിധിയുമായി റിപ്പോർട്ട്, മുഖ്യമന്ത്രി തീരുമാനിക്കും

കൊല്ലം: സമയപരിധി അവസാനിക്കുന്ന ദിവസം അർധരാത്രി ഒഴിവ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്നു ജോലി നഷ്ടമായ സംഭവത്തിൽ പരാതിക്കാരിയായ നിഷ ബാലകൃഷ്ണന് നീതി ലഭിക്കും. യുവതിക്ക് അനുകൂലമായി ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു. നിഷയ്ക്കു ജോലി നൽകണമെന്ന ശുപാർശ അടങ്ങിയ ഫയൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയിലാണ്. നിഷ ബാലകൃഷ്ണൻ നൽകിയ പരാതിയെത്തുടർന്ന് ഉദ്യോഗസ്ഥ വീഴ്ചയെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നേരത്തേ കർശന നിർദേശം നൽകിയിരുന്നു.

നിഷയ്ക്കു നിയമനം ലഭിക്കേണ്ട ഒഴിവ് യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിൽ നഗരകാര്യ വകുപ്പ് ഡയറക്ടർ ഓഫിസിലെ ഉദ്യോഗസ്ഥർക്കു വീഴ്ച സംഭവിച്ചെന്നാണ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിന്റെ റിപ്പോർട്ട്. ഇതിന് ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.

കൂടാതെ, നിഷയ്ക്കു നിയമനം നൽകാൻ സർക്കാർതലത്തിൽ തീരുമാനമുണ്ടാകണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചു നിയമനം നൽകാമെന്ന നിർദേശമാണു നൽകിയിരിക്കുന്നത്. ഇതു മന്ത്രിസഭാ യോഗമാണ് അംഗീകരിക്കേണ്ടത്. മുഖ്യമന്ത്രിയുടെ നിർദേശം ലഭിച്ചാലുടൻ ഇതിനു നടപടി തുടങ്ങും.

2018 മാർച്ച് 31ന് അവസാനിച്ച എൽഡി ക്ലാർക്ക് (എറണാകുളം) റാങ്ക് പട്ടികയിൽ ഉൾപ്പെട്ട നിഷയ്ക്കു നിയമനം ലഭിക്കുന്ന തരത്തിൽ മാർച്ച് 28 നു കൊച്ചി കോർപറേഷൻ ഓഫിസിൽനിന്ന് ഒഴിവ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, നഗരകാര്യ ഡയറക്ടർ ഓഫീസിൽ നിന്ന് അതു പിഎസ്സിക്കു റിപ്പോർട്ട് ചെയ്തത് 31ന് അർധരാത്രി 12നാണ്. ഇമെയിൽ പിഎസ്സിക്കു കിട്ടിയതാകട്ടെ 12 മണിയും 4 സെക്കൻഡും കഴിഞ്ഞ്. ഇതോടെ പട്ടികയുടെ കാലാവധി അർധരാത്രി 12ന് അവസാനിച്ചെന്നു പറഞ്ഞു പിഎസ്സി നിഷയ്ക്കു ജോലിയും നിഷേധിച്ചു.

ALSO READ- ബിസിനസിൽ ഇടപെട്ടതിൽ വൈരം; ബംഗളൂരു ഓഫീസിൽ കയറി മലയാളി സിഇഒയെയും എംഡിയെയും വെട്ടി കൊലപ്പെടുത്തിയത് മുൻജീവനക്കാരൻ ‘ജോക്കർ ഫെലിക്‌സ്’

35 വയസ്സ് കഴിഞ്ഞ നിഷയ്ക്ക് ഇനി പിഎസ്സി പരീക്ഷ എഴുതാൻ കഴിയില്ല. ഇതോടെയാണ് അവസാന ശ്രമമെന്ന നിലയിൽ നിഷ മുഖ്യമന്ത്രിയെ സമീപിച്ചത്. 28ന് റിപ്പോർട്ട് ചെയ്ത ഒഴിവ് 3 ദിവസം കഴിഞ്ഞ് 31ന് അർധരാത്രിക്കു മുൻപ് പിഎസ്സിയെ അറിയിക്കുന്നത് ഗുരുതര വീഴ്ചയാണെന്ന വിലയിരുത്തലാണ് അന്വേഷണത്തിലുണ്ടായത്.

Exit mobile version