കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു; ഉറവിടം വ്യക്തമല്ല, 24 ജീവനക്കാര്‍ ക്വാറന്റൈനില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപതിയിലെ നഴ്‌സിന് കൊവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം നെഫ്രോളജി വാര്‍ഡില്‍ മാത്രം ജോലി ചെയ്ത നഴ്‌സിന് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമായിട്ടില്ല. നഴ്‌സിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 24 ജീവനക്കാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് അധികൃതര്‍.

നഴ്‌സുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഏഴ് ഡോക്ടര്‍മാര്‍, പതിനേഴ് നഴ്‌സുമാര്‍ എന്നിവരോടാണ് ക്വാറന്റൈനില്‍ പോകാന്‍ മെഡിക്കല്‍ കോളജ് ഉന്നതതല യോഗം നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനു പുറമെ നഴ്‌സ് ജോലി ചെയ്തിരുന്ന നെഫ്രോളജി വാര്‍ഡ് കൊവിഡ് ഐസൊലേഷന്‍ വാര്‍ഡായി മാറ്റും. ഈ വാര്‍ഡില്‍ ചികിത്സയിലുള്ള പതിനാറ് രോഗികളേയും നിരീക്ഷിക്കും.

കോഴിക്കോട് കോര്‍പ്പറേഷനിലെ പൂളക്കടവ്, പാറോപ്പടി, ഒളവണ്ണ പഞ്ചായത്തിലെ നാലാം വാര്‍ഡ് പാലാഴി ഈസ്റ്റ്, വളയം പഞ്ചായത്തിലെ വണ്ണാര്‍കണ്ടി, ചെക്കോറ്റ, 12 ആം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വളയം ടൗണ്‍ തുടങ്ങി പുതിയ ഏഴ് പ്രദേശങ്ങള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയില്‍ കഴിഞ്ഞ ദിവസം 32 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Exit mobile version