കൊവിഡ് ബാധിച്ച് മരിച്ചയാൾക്ക് രോഗം പകർന്നത് ആലുവ മാർക്കറ്റിൽ നിന്നെന്ന് സംശയം; കുടുംബത്തിലെ 13 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി: കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ച എറണാകുളം ആലുവ സ്വദേശി കുഞ്ഞുവീരാന് രോഗം ബാധിച്ചത് ആലുവ,മരട് മാർക്കറ്റുകളിൽ നിന്നെന്ന് സംശയം. പ്രമേഹം, രക്തസമ്മർദ്ദം എന്നീ അസുഖങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സ തേടിയ കുഞ്ഞുവീരാന് തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തുടർന്ന് ആരോഗ്യനില വഷളാവുംകയും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, ഈ മരണത്തോടെ എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 40 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കർഷകനായ കുഞ്ഞു വീരാൻ ആലുവ, മരട് മാർക്കറ്റുകളിൽ ഉത്പന്നങ്ങൾ വിൽക്കാനായി പോകാറുണ്ടായിരുന്നെന്നാണ് വിവരം. ഇവിടെ നിന്നായിരിക്കാം രോഗം ബാധിച്ചതെന്നും സംശയിക്കുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 13 പേർ കൂടി കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. 67 കാരനായ ഇദ്ദേഹം എട്ട് ദിവസം മുമ്പാണ് കളമശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Exit mobile version