ആരോഗ്യപ്രവര്‍ത്തകര്‍ സൂപ്പര്‍മാന്റെ കുഞ്ഞുങ്ങളല്ല, ഞങ്ങളെ മാലാഖേം മണ്ണാങ്കട്ടേം ഒന്നും ആക്കേണ്ട, മനുഷ്യരായി കണ്ടാല്‍ മതി; കോവിഡ് കാലത്തെ ആരോഗ്യപ്രവര്‍ത്തകരുടെ കഷ്ടപ്പാട് തുറന്ന് പറഞ്ഞ് ഒരു കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. നൂറുകണക്കിനാളുകള്‍ക്കാണ് ഓരോ ദിവസവും രോഗം സ്ഥിരീകരിക്കുന്നത്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിക്കുന്നവരുടെ എണ്ണവും നിരവധിയാണ്. സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും കോവിഡിനെ തടയാന്‍ കഠിന പരിശ്രമം നടത്തുമ്പോഴും പലര്‍ക്കും കാര്യത്തിന്റെ ഗൗരവം ഇനിയും മനസ്സിലായിട്ടില്ല.

ഇതൊക്കെ നിസാരം എന്ന മട്ടിലാണ് പലരും പുറത്തിറങ്ങി നടക്കുന്നത്. സുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കാത്തവരും നിരവധിയാണ്. ആരോഗ്യവകുപ്പിന്റെയും പ്രവര്‍ത്തകരുടേയും നിര്‍ദേശങ്ങള്‍ ഓരോരുത്തരും പരിപൂര്‍ണ്ണമായി അനുസരിക്കണമെന്ന് കൈകൂപ്പി അപേക്ഷിക്കുകയാണ് ഡോക്ടര്‍ ഷിംന അസീസ്.

ഫീല്‍ഡിലും ഓപിയിലും മാത്രമല്ല, കാഷ്വാലിറ്റിയിലും വാര്‍ഡിലും ജോലി ചെയ്യുന്നവരോട് ചോദിക്കൂ. അവര്‍ പറഞ്ഞ് തരും കൂടുതല്‍ കഷ്ടപ്പാടിന്റെ കഥകള്‍. തീരുമാനങ്ങളെടുക്കുന്ന സീനിയര്‍ ഡോക്ടര്‍മാരുടേയും വകുപ്പിന്റെയും തലയിലുള്ള പ്രഷര്‍ എത്രയെന്ന് ഊഹിക്കാനാവുന്നുണ്ടോ? അതിനിടക്കാണ് സ്വാതന്ത്ര്യമോഹികളുടെ ക്വാറന്റീന്‍ വെട്ടിച്ച് കറക്കവും അര്‍മാദവുമെന്നും ഷിംന അസീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ആരോഗ്യപ്രവര്‍ത്തകര്‍ സൂപ്പര്‍മാന്റെ കുഞ്ഞുങ്ങളല്ല പ്രിയപ്പെട്ടവരേ, കുടുംബത്തെ അകറ്റി നിര്‍ത്തിയും മനുഷ്യരെ കാണാതെയും വാതിലടച്ച് മാസങ്ങളായി കേട്ടോ ഞങ്ങള്‍ ഭാരമേറ്റുന്നു ഞങ്ങളെ മാലാഖേം മണ്ണാങ്കട്ടേം ഒന്നും ആക്കേണ്ടെന്നും മനുഷ്യരായി കണ്ടാല്‍ മതിയെന്നും ഷിംന അസീസ് കൂട്ടിച്ചേര്‍ത്തു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് കട്ടിലില്‍ വന്ന് വീണതേ ഓര്‍മ്മയുള്ളു, അത്രക്ക് തളര്‍ത്താന്‍ മാത്രം കഠിനമായിരിക്കുന്നു ദിവസങ്ങള്‍! രാവിലെ ഉണര്‍ത്തിയ കോള്‍ ഞങ്ങളുടെ കോളേജിലെ വിദ്യാര്‍ത്ഥിയുടേത് തന്നെയാണ്. അവന്റെ കൊറോണ സംശയങ്ങള്‍ കഴിഞ്ഞ് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്നതിനിടെ സുഹൃത്തായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ കോള്‍- ‘കോവിഡ് ടെസ്റ്റ് കഴിഞ്ഞ് റിസല്‍റ്റ് വരും മുന്നേ പുറത്തിറങ്ങിയ ഒരു വ്യക്തി ഒരു ഏരിയ മൊത്തം കറങ്ങി, പതിനഞ്ച് കൂട്ടുകാരോടൊപ്പം സമയം ചിലവഴിച്ചു’ എന്ന് തുടങ്ങി അര മണിക്കൂറോളം അവന്റെ നിരാശ കേട്ടു. എനിക്കുമുണ്ടായിരുന്നു കുറേ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍… നേരത്തിന് ഉണ്ണാനും ഉറങ്ങാനും പറഞ്ഞ് ഫോണ്‍ വെച്ചു. അങ്ങോട്ടുമിങ്ങോട്ടും അത് പറയുകയല്ലാതെ ഞങ്ങളെന്ത് വേണം?

ഫീല്‍ഡിലും ഓപിയിലും മാത്രമല്ല, കാഷ്വാലിറ്റിയിലും വാര്‍ഡിലും ജോലി ചെയ്യുന്നവരോട് ചോദിക്കൂ. അവര്‍ പറഞ്ഞ് തരും കൂടുതല്‍ കഷ്ടപ്പാടിന്റെ കഥകള്‍. തീരുമാനങ്ങളെടുക്കുന്ന സീനിയര്‍ ഡോക്ടര്‍മാരുടേയും വകുപ്പിന്റെയും തലയിലുള്ള പ്രഷര്‍ എത്രയെന്ന് ഊഹിക്കാനാവുന്നുണ്ടോ? അതിനിടക്കാണ് ഇത്തരം സ്വാതന്ത്ര്യമോഹികളുടെ ക്വാറന്റീന്‍ വെട്ടിച്ച് കറക്കവും അര്‍മാദവും. ആരോഗ്യപ്രവര്‍ത്തകര്‍ സൂപ്പര്‍മാന്റെ കുഞ്ഞുങ്ങളല്ല പ്രിയപ്പെട്ടവരേ… കുടുംബത്തെ അകറ്റി നിര്‍ത്തിയും മനുഷ്യരെ കാണാതെയും വാതിലടച്ച് മാസങ്ങളായി കേട്ടോ ഞങ്ങള്‍ ഭാരമേറ്റുന്നു… ഞങ്ങളെ മാലാഖേം മണ്ണാങ്കട്ടേം ഒന്നും ആക്കേണ്ട… മനുഷ്യരായി കണ്ടാല്‍ മതി.

ഫുള്‍ടൈം കദനകഥയും സെന്റിയും ഓവറാക്കലും എന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കുന്നവരോട് ഒന്ന് ചോദിക്കട്ടെ, ‘ഒന്നിങ്ങ് വന്ന് ഞങ്ങളോടൊപ്പം ഗ്രൗണ്ട് ലെവലില്‍ പ്രവര്‍ത്തിക്കാമോ? കോവിഡ് പോസിറ്റീവ് ആണെന്ന് ഉറപ്പുള്ള പേഷ്യന്റിനെ സ്വയം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആത്മവിശ്വാസം എവിടുന്നെന്നില്ലാതെ എടുത്ത് ആറ്റിക്കുറുക്കി പകര്‍ന്ന് കൊടുത്ത് ആശ്വസിപ്പിച്ച് രക്ഷിച്ച് കൊണ്ടു വരാനാകുമോ?’

പുറത്ത് നിര്‍ത്താതെ കരഞ്ഞ് പെയ്യുന്ന മാനവും രാവിലെ തൊട്ട് വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ ഇനി ഒരു പ്രളയത്തിന്റെ കുറവേള്ളൂ… ആരോഗ്യപ്രവര്‍ത്തകര്‍ മാനസികമായും ശാരീരികമായും തളര്‍ന്നാല്‍ നമ്മളെ നോക്കാന്‍ ആരുമുണ്ടാകില്ല. ഞങ്ങളെ നിങ്ങള്‍ സൂക്ഷിച്ചുപയോഗിക്കൂ…

ആരോഗ്യവകുപ്പിന്റെയും പ്രവര്‍ത്തകരുടേയും നിര്‍ദേശങ്ങള്‍ നിങ്ങള്‍ ഓരോരുത്തരും പരിപൂര്‍ണ്ണമായി അനുസരിക്കൂ…

ഉപദേശമല്ല, കൈ കൂപ്പി താണുകേണ് പറയുകയാണ്…. അപേക്ഷയാണ്…

Exit mobile version