മനുഷ്യരുടെ ജീവന്‍ കൊണ്ടുള്ള ‘പരീക്ഷകള്‍’ നിര്‍ത്തിവെക്കണം, മത്സരപരീക്ഷകളേക്കാള്‍ മനുഷ്യജീവന് വിലനല്‍കുക; സാമൂഹിക അകലം പോലും പാലിക്കാതെ തലസ്ഥാനത്ത് എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒഴുകിയെത്തിയ സംഭവത്തില്‍ ആഷിഖ് അബു

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് വെച്ച് നടന്ന കേരളാ എഞ്ചിനിയറിംഗ് ഫാര്‍മസി പ്രവേശന പരീക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടായിരുന്നു പരീക്ഷയെഴുതാനായി വിദ്യാര്‍ത്ഥികളും ഒപ്പം രക്ഷിതാക്കളും എത്തിയത്.

കൊവിഡ് സമ്പര്‍ക്ക വ്യാപനം മൂലം ഗുരുതര സാഹചര്യം നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് ജനങ്ങള്‍ ഇത്തരത്തില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചത് ചര്‍ച്ചകളിലേക്കാണ് ചെന്നെത്തിയത്. സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആഷിഖ് അബു.

നാട്ടിലെ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ കൊണ്ടുള്ള ‘പരീക്ഷകള്‍’ നിര്‍ത്തിവെക്കണമെന്ന് ആഷിക് അബു പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പട്ടം സെന്ററിന് മുന്നിലുള്ള ആള്‍ക്കൂട്ടത്തിന്റെ ചിത്രം പങ്കുവച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്.

മത്സരപരീക്ഷകളേക്കാള്‍ മനുഷ്യജീവന് വിലനല്‍കണെന്നും ആഷിഖ് അബു ഫേസ്ബുക്കിലൂടെ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി പരീക്ഷയ്‌ക്കെത്തിയ വലിയ ജനക്കൂട്ടത്തിന്റെ ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയിലും വ്യാപകമായി പ്രചരിച്ചു. നിരവധി പേരാണ് സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

വ്യാഴാഴ്ച 339 കേസുകളാണ് തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 301 പേര്‍ക്കും രോഗബാധ സമ്പര്‍ക്കത്തിലൂടെയായിരുന്നു. ഇത്തരമൊരു ഗുരുതര സാഹചര്യം തലസ്ഥാനത്ത് നിലനില്‍ക്കുന്നതിനിടെയാണ് ഇങ്ങനെയൊരു സംഭവം. സാമൂഹിക അകലം പാലിക്കുക എന്ന നിര്‍ദേശങ്ങള്‍ക്കൊക്കെ ജനങ്ങള്‍ പുല്ലുവില പോലും നല്‍കിയില്ല.

Exit mobile version