‘മനുഷ്യത്വം ഇങ്ങനെ ജ്വലിച്ചുയര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു മഹാമാരിയ്ക്കും ഒരു ദുരന്തത്തിനും നമ്മളെ കീഴ്‌പെടുത്താന്‍ സാധിക്കില്ല’:ഡോ.മേരി അനിതയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: കൊവിഡ് പോസിറ്റീവായ ദമ്പതികളുടെ മുലകുടി മാറാത്ത കുഞ്ഞിനെ ഹൃദയത്തോട് ചേര്‍ത്തു സ്‌നേഹിച്ച ഡോക്ടര്‍ മേരി അനിതയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വം ഇങ്ങനെ ജ്വലിച്ചുയര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു മഹാമാരിയ്ക്കും ഒരു ദുരന്തത്തിനും നമ്മളെ കീഴ്‌പെടുത്താന്‍ സാധിക്കില്ലെന്ന് ഡോ. അനിതയുടെ പ്രവര്‍ത്തിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹജീവികളോട് കാണിക്കുന്ന നിസ്വാര്‍ഥമായ സ്‌നേഹത്തിനും ത്യാഗത്തിനും ഡോക്ടറോടും കുടുംബത്തോടും ഏറ്റവും ഹാര്‍ദ്ദമായി നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

അഭൂതപൂര്‍വമായ ഒരു പ്രതിസന്ധിയിലൂടെ നമ്മള്‍ കടന്നു പോകുന്ന ഒരു കാലമാണിത്. ലോകമൊന്നടങ്കം ഒരു മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടത്തിലാണ്. രോഗത്തിനു വിട്ടുകൊടുക്കാതെ ഓരോ മനുഷ്യന്റേയും ജീവന്‍ സംരക്ഷിക്കുക എന്ന വലിയ ദൗത്യമാണ് നമുക്ക് മുന്നിലുള്ളത്. അതിനായി എല്ലാവരും ഒത്തൊരുമിച്ച് ഐക്യത്തോടെ നിലയുറപ്പിച്ചേ തീരൂ. ആ ലക്ഷ്യം നിറവേറ്റാന്‍ നമ്മുടെ കൈവശമുള്ള ഏറ്റവും ശക്തമായ ആയുധം മനുഷ്യത്വമാണ്, നമ്മുടെ സഹജീവികളോടുള്ള കറകളഞ്ഞ സ്‌നേഹമാണ്.

ആ സ്‌നേഹത്തിന്റെ ഉദാത്തമായ ഒരു മാതൃകയാണ് ഡോ. മേരി അനിതയും കുടുംബവും നമുക്ക് മുന്നില്‍ തീര്‍ത്തത്. അമ്മയും അച്ഛനും ക്വാറന്റൈനില്‍ പോകേണ്ടി വന്ന സാഹചര്യത്തില്‍ ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുക്കുകയും, ഒരു മാസത്തോളം ആ കുഞ്ഞിന്റെ സംരക്ഷണ ചുമതല അവര്‍ നിര്‍വഹിക്കുകയും ചെയ്തു. നിസ്വാര്‍ഥമായ സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും ഈ ഗാഥകളാണ് ഈ കാലത്ത് നമ്മുടെ പ്രതീക്ഷയും പ്രചോദനവുമാകുന്നത്. ഡോക്ടറോടും കുടുംബത്തോടും ഏറ്റവും ഹാര്‍ദ്ദമായി നന്ദി പറയുന്നു. മനുഷ്യത്വം ഇങ്ങനെ ജ്വലിച്ചുയര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു മഹാമാരിയ്ക്കും ഒരു ദുരന്തത്തിനും നമ്മളെ കീഴ്‌പെടുത്താന്‍ സാധിക്കില്ല. നമ്മളീ കാലവും മറികടന്നു കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകും.

Exit mobile version