കോട്ടയത്ത് സമ്പര്‍ക്ക രോഗികള്‍ കൂടുന്നു; ഓട്ടോ ഡ്രൈവറില്‍ നിന്ന് മാത്രം രോഗം പടര്‍ന്നത് 15 പേര്‍ക്ക്, ആശങ്ക

കോട്ടയം: കോട്ടയം ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഓട്ടോ ഡ്രൈവറില്‍ നിന്ന് മാത്രം 15 പേര്‍ക്കാണ് രോഗം പടര്‍ന്നത്. ഇതേ തുടര്‍ന്ന് പാറത്തോട് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മേഖലയില്‍ അമ്പത് പേര്‍ക്ക് ഇന്ന് ആന്റിജന്‍ പരിശോധന നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇവരുടെ പരിശോധനാഫലം ഇന്നു തന്നെ ലഭിക്കുമെന്നും പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരില്‍ 25 പേരില്‍ 22 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധയുണ്ടായത്. സമ്പര്‍ക്കം മുലം രോഗം സ്ഥിരീകരിച്ചവില്‍ 15 പേര്‍ പാറത്തോട് ഗ്രാമപഞ്ചായത്തില്‍ നിന്നുള്ളവരാണ്. ഇതേ തുടര്‍ന്നാണ് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ആറാം തീയതിയാണ് പാറത്തോട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ദിവസം മുമ്പ് ഇയാള്‍ മരിക്കുകയും ചെയ്തു. മരണത്തിന് ശേഷമെടുത്ത സാമ്പിള്‍ നെഗറ്റീവ് ആയതിനാല്‍ ഇദ്ദേഹം പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഇയാളില്‍ നിന്ന് നിരവധി പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ജില്ലയിലെ പൊതുവാഹനങ്ങളിലെ ഡ്രൈവര്‍ ക്യാബിന്‍ അക്രിലിക് ഷീറ്റ് ഉപയോഗിച്ച് വേര്‍തിരിക്കണമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്. ഓട്ടോറിക്ഷാ, ടാക്‌സി, ബസ്സുകള്‍ എന്നിവയില്‍ ഈ സംവിധാനം ഉപയോഗിച്ചാല്‍ മാത്രമേ നിരത്തിലിറങ്ങാന്‍ അനുവദിക്കുകയുള്ളുവെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Exit mobile version