മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; സുരേന്ദ്രന്റെ ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. കേസില്‍ കക്ഷി ചേരുന്നതിനായി അന്തരിച്ച എംഎല്‍എ അബ്ദുല്‍ റസാഖിന്റെ മകന്‍ ഷെഫീഖ് റസാഖ് നല്‍കിയ അപേക്ഷ പരിഗണിക്കുന്നതിനാണ് കേസ് മാറ്റിയത്.
പി ബി അബ്ദുള്‍ റസാഖ് മരിച്ചതോടെ കേസില്‍ മറ്റാര്‍ക്കെങ്കിലും കക്ഷി ചേരാന്‍ താല്പര്യമുണ്ടോയെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു.

മുസ്ലീം ലീഗിലെ പിബി അബ്ദുള്‍ റസാഖ് വിജയിച്ചത് കള്ളവോട്ട് ചെയ്തതിനാലാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു കെ സുരേന്ദ്രന്റെ ഹര്‍ജി. അബ്ദുള്‍ റസാഖ് മരിച്ചതിനെ തുടര്‍ന്ന് ഹര്‍ജിയുമായി മുന്നോട്ട് പോകണോ എന്ന് ഹൈക്കോടതി സുരേന്ദ്രനോട് ചോദിച്ചപ്പോള്‍ പിന്‍മാറുന്നില്ലെന്നായിരുന്നു മറുപടി. 89 വോട്ടിനാണ് അബ്ദുള്‍ റസാഖ് മഞ്ചേശ്വരത്ത് വിജയിച്ചത്. എന്നാല്‍ 259 പേര്‍ കള്ളവോട്ടു ചെയ്തു എന്നാണ് സുരേന്ദ്രന്റെ ആരോപണം.

Exit mobile version