നാട്ടിലെത്താന്‍ മലയാളികള്‍ക്ക് തുണയായി ഓസ്‌ട്രേലിയയിലെ മമ്മൂട്ടി ആരാധകര്‍, കൊച്ചിയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്തു

പെര്‍ത്ത്: ലോകത്താകമാനം കോവിഡ് വ്യാപനം രൂക്ഷമായതോടെ ഓസ്‌ട്രേലിയയില്‍ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നത് നിരവധി മലയാളികളാണ്. എന്നാല്‍ വിമാന സര്‍വ്വീസുകളില്ലാത്തതിനാല്‍ മിക്കവരും അവിടെ കുടുങ്ങി. ഇപ്പോഴിതാ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്നും കൊച്ചിയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്ത് ജനങ്ങള്‍ക്ക് തുണയായി എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മ.

മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍, ഓസ്‌ട്രേലിയ ഘടകമാണ് കൊച്ചിയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്തത്. പ്രമുഖ എയര്‍ ലൈന്‍സ് കമ്പനിയായ സില്‍ക്ക് എയര്വേയ്‌സും ഓസ്‌ട്രേലിയ ആസ്ഥാനമായ ഫ്‌ലൈ വേള്‍ഡ് ഇന്റര്‍നാഷണലും ആയി ചേര്‍ന്നാണ് ഈ ഉദ്യമം.

പെര്‍ത്തില്‍ കോവിഡ് കേസുകളില്ലെങ്കിലും കര്‍ശനമായ നിയന്ത്രണത്തില്‍ തന്നെയാണ് നഗരം. പതിനായിരക്കണക്കിന് മലയാളികള്‍ പാര്‍ക്കുന്ന പെര്‍ത്തില്‍ നിന്നും നിരവധി ആളുകളാണ് നാട്ടിലേക്കു വരാന്‍ ശ്രമിക്കുന്നത്. എങ്കിലും വിമാന സര്‍വീസ് ഉണ്ടായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മ സഹായവുമായി രംഗത്തെത്തിയത്. മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്തും ( map) ഈ ശ്രമത്തില്‍ ഇവര്‍ക്കൊപ്പം ചേരുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി സന്നദ്ധ സംഘടനകള്‍ വിമാനം ചാര്‍ട് ചെയ്യുന്നുണ്ടങ്കിലും ഇതാദ്യമായാണ് ഒരു ഫാന്‍സ് അസോസിയേഷന്‍ ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കുന്നത്.

ജൂലൈ 25 ന് ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് പുറപ്പെടുന്ന വിമാനം അന്ന് രാത്രി പത്തു മണിയോടെ കൊച്ചിയില്‍ എത്തും. ടിക്കറ്റുകള്‍ ആവശ്യം ഉള്ളവര്‍ +61410366089 നമ്പറില്‍ വിളിച്ചു സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതല്‍ ഓസ്‌ട്രേലിയന്‍ നഗരങ്ങളില്‍ നിന്നും ഈ സേവനം ഏര്‍പ്പാട് ചെയ്യാന്‍ ഒരുങ്ങുകയാണ് സംഘാടകര്‍.

Exit mobile version