ലോക്ക് ഡൗൺ കഴിയുന്നതോടെ വിമാനനിരക്കുകൾ മൂന്നിരട്ടിയോളം കുത്തനെ കൂടിയേക്കും; നാട്ടിലെത്താൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് ഇരുട്ടടി

മുംബൈ: കടുത്ത നിയന്ത്രണങ്ങളോടെ ലോക്ക്ഡൗൺ കഴിഞ്ഞ് സർവീസ് പുനരാരംഭിക്കുന്ന വിമാനക്കമ്പനികൾ യാത്രാനിരക്കിൽ വൻവർധനവ് വരുത്തിയേക്കുമെന്ന് സൂചന. കൊവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കൽ വിമാനത്തിലും നടപ്പാക്കേണ്ടിവരുമെന്നതിനാലാണ് വിമാനനിരക്കുകൾ കുത്തനെ ഉയർത്തിയേക്കുക.

ആദ്യഘട്ടത്തിൽ വിമാനത്തിൽ ഒരുവശത്ത് ഒരു നിരയിൽ ഒരു യാത്രക്കാരനെ മാത്രം അനുവദിക്കുന്നതാണ് പരിഗണനയിലുള്ളത്. അങ്ങനെവന്നാൽ 180 യാത്രക്കാരെ കയറ്റാൻ ശേഷിയുള്ള വിമാനത്തിൽ 60 സീറ്റുകൾ മാത്രമായിരിക്കും ലഭിക്കുക. ശേഷികുറച്ച് സർവീസ് നടത്തുന്നത് കമ്പനികൾക്ക് വലിയ ബാധ്യതയാകും. ഇതു നികത്താൻ നിരക്കു കൂട്ടുകയല്ലാതെ മറ്റു വഴികളില്ല. ഈ സാഹചര്യത്തിൽ തുടക്കത്തിൽ മൂന്നിരട്ടിവരെ നിരക്ക് ഉയർന്നേക്കുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.

ഇതുസംബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ സൂചന നൽകിക്കഴിഞ്ഞു. യാത്രക്കാർ തമ്മിൽ പരമാവധി അകലം പാലിക്കാൻ വിധം കോണോടുകോണായി യാത്രക്കാരെ ഇരുത്തുന്നതും ആലോചിക്കുന്നുണ്ട്. അതേസമയം, വിമാനയാത്ര പുനരാരംഭിക്കുന്നതു സംബന്ധിച്ച് സർക്കാർ ഇതുവരെ മാർഗനിർദേശങ്ങൾ നൽകിയിട്ടില്ല.

ഏപ്രിൽ 14ന് ലോക്ക്ഡൗൺ തീരുമെന്ന ധാരണയിൽ സ്വകാര്യ വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചിരുന്നു. ഇതനുസരിച്ച് മുംബൈയിൽനിന്ന് കൊച്ചിയിലേക്ക് 5700 രൂപയാണ് ബുധനാഴ്ചത്തെ കുറഞ്ഞ നിരക്ക്. സർവീസ് നിർത്തുന്നതിനുമുന്പ് ഇത് 1700-1900 രൂപ മുതലായിരുന്നു.

Exit mobile version