ഒമിക്രോണ്‍ : രണ്ട് ദിവസത്തിനിടെ ലോകത്ത് റദ്ദാക്കിയത് 4500ഓളം വിമാനങ്ങള്‍

ന്യൂയോര്‍ക്ക് : ഒമിക്രോണ്‍ വ്യാപനം ദ്രുതഗതിയിലാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലോകത്ത് റദ്ദാക്കപ്പെട്ടത് 4500ഓളം യാത്രാവിമാനങ്ങള്‍. ക്രിസ്മസ്-പുതുവത്സര അവധിക്കൊരുങ്ങിയ ആയിരക്കണക്കിനാളുകളുടെ യാത്രകള്‍ ഇതോടെ മുടങ്ങി.

ജീവനക്കാരുടെ അഭാവത്തെത്തുടര്‍ന്നാണ് മിക്ക ഫ്‌ളൈറ്റുകളും റദ്ദാക്കിയിരിക്കുന്നത്. പൈലറ്റുമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ കോവിഡ് പോസിറ്റീവാകുകയോ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തതിനെത്തുടര്‍ന്ന് ഇവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചതാണ് കാരണം.

വിമാനങ്ങളില്‍ നാലിലൊന്നും റദ്ദാക്കിയിരിക്കുന്നത് യുഎസിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ യുഎസില്‍ ഒമിക്രോണ്‍ വകഭേദം മൂലമുള്ള കോവിഡ് കേസുകള്‍ എഴുപത്തി മൂന്ന് ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയര്‍ന്നതോടെ യൂറോപ്പിലാകമാനം നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കി.ക്രിസ്മസിന് ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് യൂറോപ്യന്‍ യൂണിയന് കീഴിലുള്ള മിക്ക രാജ്യങ്ങളും അറിയിച്ചിരിക്കുന്നത്.

Exit mobile version