ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം; പ്രവാസികളുടെ മടക്കയാത്ര ഇന്നുമുതല്‍, കൊച്ചിയില്‍ എയര്‍ ഇന്ത്യ പറന്നിറങ്ങുന്നതോടെ ചരിത്ര ദൗത്യത്തിന് തുടക്കമാകും

ന്യൂഡല്‍ഹി: ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും ഒടുവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ന് പ്രവാസികള്‍ മടങ്ങിയെത്തും. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലുള്ള പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിനുള്ള ‘വന്ദേ ഭാരത്’ ദൗത്യത്തിന് വ്യാഴാഴ്ച തുടക്കമാകും.

ഇന്ന് രാത്രി 9.40-ന് അബുദാബിയില്‍നിന്ന് കൊച്ചിയിലേക്കാണ് പ്രവാസികളുമായുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പറന്നിറങ്ങുന്നത്. രാത്രി 10.30-ന് ദുബായിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനവുമെത്തും. എട്ട് വിമാനങ്ങളാണ് ആദ്യദിവസം വിദേശത്തുനിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലെത്തുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് യാത്രക്കാരെ കൊണ്ടുവരുന്നത്. സാമൂഹിക അകലം പാലിക്കുക എന്ന നിര്‍ദേശത്തിന്റെ ഭാഗമായി ദുബായില്‍നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ 170 പേരും അബുദാബി-കൊച്ചി വിമാനത്തില്‍ 177 പേരുമാണ് എത്തുക.

വൈറസ് ബാധിതരല്ലെന്ന് ഉറപ്പുവരുത്താന്‍ കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കുന്നതിന് ശേഷമേ യാത്രക്കാരെ വിമാനത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. കോവിഡ് പോസിറ്റീവ് ആവുന്നവര്‍ യു.എ. ഇ. നിഷ്‌കര്‍ഷിക്കുന്ന ഐസൊലേഷന്‍ അടക്കമുള്ള നടപടികള്‍ക്ക് വിധേയരാകേണ്ടിവരും.

യു.എ.ഇ.യില്‍നിന്നും ആദ്യഘട്ടത്തില്‍ മടങ്ങുന്നവരില്‍ ജോലി നഷ്ടമായവരും ഗര്‍ഭിണികള്‍, അവര്‍ക്കൊപ്പമുള്ള ബന്ധുക്കള്‍, മറ്റ് രോഗങ്ങളുള്ളവര്‍, പ്രായമായവര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലുള്ളവരും ഉണ്ട്. അതേസമയം, രോഗലക്ഷണങ്ങളുള്ളവര്‍ക്കും യാത്രാനുമതിയില്ല.

Exit mobile version