കേരളം കൊവിഡ് രോഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തില്‍, അടുത്ത ഘട്ടം സമൂഹവ്യാപനം; ഇത് തടയാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം; മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം കൊവിഡ് രോഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അടുത്ത ഘട്ടം സമൂഹ വ്യാപനമാണ്. ഈ വര്‍ഷം അവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം സാധ്യമാവൂ എന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കൊവിഡ് വ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളത്. രോഗികളില്ലാത്ത സ്ഥിതി, പുറത്തുനിന്ന് രോഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് രോഗം പകരുന്ന ഘട്ടം (സ്‌പൊറാഡിക്), ചില ജനവിഭാഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുളള രോഗവ്യാപനം (ക്ലസ്റ്റേഴ്‌സ്), വ്യാപകമായ സമൂഹവ്യാപനം എന്നിങ്ങനെയാണ് കൊവിഡ് വ്യാപനത്തിന് നാല് ഘട്ടങ്ങള്‍. കേരളം ഇപ്പോള്‍ മൂന്നാംഘട്ടം എത്തി നില്‍ക്കുകയാണ്. മലപ്പുറം, തിരുവനന്തപുരം അടക്കം പല ജില്ലകളിലും ക്ലസ്റ്ററുകളുണ്ട്. അടുത്ത ഘട്ടം സമൂഹവ്യാപനമാണ്. ഇത് തടയാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധം തുടങ്ങിയിട്ട് ആറ് മാസമായി. ലോകത്തെ പലയിടങ്ങളിലും ഓരോ ദിവസം കഴിയുന്തോറും രോഗബാധ കൂടുന്നു. ഈ വര്‍ഷാവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം കൈവരിക്കാനാകൂ എന്നാണ് ഒരു വിലയിരുത്തല്‍. ഇത്ര ദീര്‍ഘകാലം കഠിനമായി പരിശ്രമിക്കേണ്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വരുന്ന തളര്‍ച്ചയുണ്ട്. അത് പോലെ രോഗപ്രതിരോധത്തില്‍ ഉദാസീന സമീപനം നാട്ടുകാരില്‍ ചിലരും സമീപിക്കുന്നു. സമ്പര്‍ക്കരോഗവ്യാപനം കൂടാന്‍ കാരണം നമ്മുടെ അശ്രദ്ധയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് മുമ്പ് നേരിടേണ്ടി വന്ന നിപ ഏകദേശം ഒരു മാസം നീണ്ടുനിന്നു. അത് നമ്മള്‍ തരണം ചെയ്തു. ഇതും നമ്മള്‍ തരണം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version