നിലവറയ്ക്കുള്ളില്‍ വിലമതിക്കാനാവാത്ത നിധി, നിത്യ പൂജകള്‍ ഒഴികെയുള്ള ചെലവുകള്‍ നടത്താന്‍ ബുദ്ധിമുട്ടി ശ്രീ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

തിരുവനന്തപുരം: നിലവറയ്ക്കുള്ളില്‍ നിധി സൂക്ഷിക്കുമ്പോഴും ചെലവുകള്‍ നടത്താന്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ബുദ്ധിമുട്ടുന്നു. ലോക്ക്ഡൗണ്‍ കാരണം ഭക്തരുടെ എണ്ണം കുറഞ്ഞ് കാണിക്ക, വഴിപാട്, സംഭാവന ഇനത്തില്‍ ലഭിച്ചിരുന്ന വരുമാനം നിലച്ചതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം.

നിത്യ പൂജകള്‍ ഒഴികെയുള്ള ചെലവുകള്‍ നടത്താന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. 115 താല്‍ക്കാലിക ജീവനക്കാരില്‍ പകുതിയോളം പേരുടെ സേവനം ഈ മാസത്തോടെ നിര്‍ത്താന്‍ ഭരണസമിതി തീരുമാനിച്ചതായാണ് വിവരം.

സ്ഥിരം ജീവനക്കാരുടെ ശമ്പളം നേരത്തെ വെട്ടിക്കുറച്ചിരുന്നു. ഗ്രാന്റ് ഇനത്തില്‍ നല്‍കുന്ന 20 ലക്ഷം രൂപ 2 കോടിയാക്കി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വി.രതീശന്‍ കത്തു നല്‍കിയെങ്കിലും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

കോവിഡ് വ്യാപിച്ചതോടെ പ്രഖ്യാപിച്ച രണ്ടു മാസത്തോളം നീണ്ട ലോക് ഡൗണും ആരാധനാലയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുന്നതും കാരണം കാണിക്ക, വഴിപാട്, സംഭാവന ഇനത്തില്‍ ലഭിച്ചിരുന്ന വരുമാനം നിലച്ചിരുന്നു. ഇതാണ് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം.

പ്രതിമാസം ശരാശരി ഒന്നര കോടി രൂപ വരെയായിരുന്നു ആദ്യം വരുമാനം. എന്നാല്‍ 4 മാസത്തിനിടെ 40 ലക്ഷം രൂപയില്‍ താഴെ മാത്രമാണ് വരുമാനം ലഭിച്ചത്. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കു വേണ്ടി 1.25 കോടി രൂപയും പൂജകള്‍ക്കും മറ്റു ചെലവുകള്‍ക്കുമായി 45 ലക്ഷം രൂപയുമാണ് ചെലവഴിച്ചിരുന്നത്.

പൂജകള്‍ക്ക് മുടക്കം വരുത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജീവനക്കാരുടെ ശമ്പളം കുറയ്‌ക്കേണ്ടി വന്നതെന്ന് ഭരണസമിതി പറഞ്ഞു. വരുമാന നില മെച്ചപ്പെടാത്ത സാഹചര്യത്തിലാണ് പകുതിയോളം പേരുടെ സേവനം ഈ മാസത്തോടെ നിര്‍ത്തുന്നത്.

Exit mobile version