ഭര്‍ത്താവ് മരിച്ചതോടെ കടക്കെണിയിലായി, പോകാനൊരിടമില്ല, മക്കളെയും കാഴ്ചനഷ്ടപ്പെട്ട അമ്മയേയും കൊണ്ട് തെരുവിലിറങ്ങേണ്ടി വരുമോയെന്ന ആശങ്കയില്‍ സില്‍ജ

കണ്ണൂര്‍: അപ്രതീക്ഷിതമായുണ്ടായ ഭര്‍ത്താവിന്റെ വിയോഗം സില്‍ജയെ ഒന്നുകൂടി തളര്‍ത്തി. സാമ്പത്തികമായി പ്രതിസന്ധിയിലായതോടെ മൂന്ന്‌ പെണ്മക്കളെയും കാഴ്ച നഷ്ടപ്പെട്ട അമ്മയെയുംകൊണ്ട് തെരുവിലിറങ്ങേണ്ടി വരുമോയെന്ന ആശങ്കയിലാണ് സില്‍ജയും കുടുംബവും ഇപ്പോള്‍.

കഴിഞ്ഞമാസമാണ് കണ്ണൂര്‍ സ്വദേശിയായ പ്രമോദ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പെയിന്റിംഗ് ജോലി ചെയ്തിരുന്ന ഭര്‍ത്താവ് പ്രമോദ് മരിച്ചതോടെയാണ് സില്‍ജയും കുടുംബവും കടക്കെണിയിലായത്. പരിയാരത്തെ ഒരു കടയില്‍ ജോലി ചെയ്യുന്ന സില്‍ജയുടെ തുച്ഛമായ വരുമാനം കൊണ്ട് മക്കളെയും കാഴ്ച ശക്തി അമ്മയെയും നോ്ക്കാന്‍ കഴിയുന്നില്ല.

സില്‍ജയുടെ സഹോദരിയുടെ പേരിലുള്ള വീട്ടിലാണ് ഇപ്പോള്‍ കുടുംബം താമസിക്കുന്നത്. ആറ് ലക്ഷത്തോളം രൂപ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ കടമുണ്ട്. പ്രമോദിന്റെ ചിത്രങ്ങളും ഓര്‍മ്മകളും മാത്രമാണ് ഇവര്‍ക്ക് ഇപ്പോള്‍ ബാക്കിയായുള്ളത്.

പ്രമോദ് നന്നായി ചിത്രങ്ങള്‍ വരക്കുമായിരുന്നു. അതുകൊണ്ടുതന്നെ കളര്‍ പെന്‍സിലുകൊണ്ട് ചിത്രങ്ങള്‍ക്ക് നിറം കൊടുക്കുമ്പോള്‍ ദേവാംഗനക്ക് അച്ചനെ ഓര്‍മ്മവരും. അച്ചനാണ് അവളുടെ കൈപിടിച്ച് വരയ്ക്കാന്‍ പഠിപ്പിച്ചത്. മൂത്തമകള്‍ ശിവദക്ക് ഡോക്ടറാകണമെന്നാണ് ആഗ്രഹം. വിഷ്ണുദതയ്ക്ക് ടീച്ചറാകാനും.

എന്നാല്‍ സില്‍ജയുടെ വരുമാനം കൊണ്ട് ലോണടയ്ക്കാനും കുഞ്ഞുങ്ങളെ പഠിപ്പിക്കാനും കഴിയാത്ത അവസ്ഥയാണ്. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് അമ്മയുടെ കാഴ്ച ശക്തിയും ഇല്ലാതായി. കടങ്ങളൊക്കെ തീര്‍ത്ത് സ്വന്തമായുണ്ടാക്കുന്ന വീട്ടിലെ ചുമരില്‍ മുഴുവന്‍ ഇങ്ങനെ ചിത്രം വരക്കണമെന്ന് പ്രമോദ് ഭാര്യയോട് ഒത്തിരി പ്രാവശ്യം പറഞ്ഞിട്ടുണ്ടായിരുന്നു,

എന്നാല്‍ തന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമെല്ലാം ബാക്കിയാക്കി പ്രമോദ് മറ്റൊരു ലോകത്തേക്ക് യാത്രയായി. സാമ്പത്തികമായി ബുദ്ധിമുട്ടിലായ കുടുംബത്തെ രക്ഷിക്കാന്‍ ആരെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സില്‍ജയും കുടുംബവും ഇപ്പോള്‍.

Exit mobile version