ഓരോ ആളും തീരുമാനിക്കുന്ന മുറയ്ക്ക് അന്വേഷണഫലം വരില്ലല്ലോ, കുറ്റവാളി ആരായാലും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കില്ല, ആര്‍ക്കൊക്കെയാണോ പങ്കുള്ളത് അതൊക്കെ പുറത്തു വരട്ടെ; സ്വര്‍ണ്ണക്കടത്ത് കേസിനെക്കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ കുറ്റവാളി ആരായാലും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കില്ല, നല്ല വേഗതയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ഐഎ മികച്ച അന്വേഷണ ഏജന്‍സിയാണെന്നും ഫലപ്രദമായ അന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കുറ്റവാളി ആരായാലും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കില്ല. സ്പീക്കറെ അനാവശ്യ വിവാദത്തില്‍ ഉള്‍പ്പെടുത്തുകയാണെന്നും മാസങ്ങള്‍ക്കു മുമ്പ് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ എന്തിന് അവിശ്വാസം കൊണ്ടുവരണമെന്നും മുഖ്യമന്ത്രി ചോദിച്ചു.

സാധാരണ ഗതിയില്‍ സ്പീക്കര്‍ എന്നത് ഇത്തരം വിവാദങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട ആളല്ല. സ്പീക്കറെ അനാവശ്യമായി വിവാദങ്ങളില്‍ പെടുത്തുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ഒരു പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരിലാണ് ഈ പ്രശ്‌നം. അന്ന് ഈ കൂട്ടര്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നവരാണ് എന്ന് ആര്‍ക്കും അറിയില്ല. അതിന്റെ പേരില്‍ അവിശ്വാസം കൊണ്ടുവരുന്നത് ആരെങ്കിലും ചെയ്യുമോ? എന്ന് മുഖ്യമന്ത്രി ചോദിക്കുന്നു.

ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍വച്ച് കൃത്യമായ രീതീയിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ആ അന്വേഷണത്തില്‍ ആരൊക്കെയാണോ കുറ്റവാളികളായിട്ടുള്ളത് ആര്‍ക്കൊക്കെയാണോ പങ്കുള്ളത് അതൊക്കെ പുറത്തു വരട്ടെ. അതിനെന്തിനാ നമ്മള്‍ വേവലാതിപ്പെടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഓരോ ആളും തീരുമാനിക്കുന്ന മുറയ്ക്ക് അന്വേഷണഫലം വരില്ലല്ലോ. ഇവിടെ അന്വേഷണ ഏജന്‍സി ഏറ്റവും പ്രമുഖ ഏജന്‍സികളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version