സമൂഹ വ്യാപനത്തിന്റെ സൂചനകൾ; മലപ്പുറത്ത് രണ്ട് പഞ്ചായത്തുകളിൽ നിർദേശങ്ങൾ കർശനം; അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുത്

മലപ്പുറം: ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം ആശങ്കാജനകമായി വർധിക്കുന്നതിനിടെ നിർദേശങ്ങൾ കർശനമാക്കി. കണ്ണമംഗലം, പറപ്പൂർ ഗ്രാമപഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം വർധിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. കണ്ണമംഗലത്ത് 12ലധികം കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നും പത്തു വയസ്സിനു താഴെയും 60 വയസ്സിനു മുകളിലുമുള്ളവരും അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതർ അറിയിച്ചു. പറപ്പൂരിൽ ഇതര സംസ്ഥാനത്തുനിന്നെത്തിയ കോവിഡ് ബാധിതനിൽനിന്ന് രണ്ടു പേർക്ക് പകർന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പറപ്പൂരിലും കൊവിഡ് നിർദേശങ്ങൾ കർശനമാക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെയായി ക്രമീകരിച്ചു.

സമ്പർക്കത്തിലൂടെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പറപ്പൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആർടിടി യോഗം ചേർന്നാണ് തീരുമാനങ്ങളെടുത്തത്. രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെ മാത്രം വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാഴ്‌സലിന് മാത്രമേ അനുവാദമുള്ളൂ. പോലീസ് പരിശോധന കർശനമാക്കും, കൂട്ടംകൂടി നിൽക്കരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌കുകൾ ധരിച്ചില്ലെങ്കിൽ നടപടിയെടുക്കാമെന്നും യോഗം തീരുമാനിച്ചു. ടർഫ് അടക്കമുള്ള കളിക്കളങ്ങൾ നിരോധിച്ചു.

അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങാം. ഇതര സംസ്ഥാനത്ത് പോയി തിരിച്ചെത്തി രോഗബാധിതനായിരുന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ സമ്പർക്ക പട്ടികയിലുള്ള കുഴിപ്പുറം കവല സ്വദേശി 29കാരൻ, ആലചുള്ളിയിലെ മറ്റൊരു ടൂറിസ്റ്റ് ഡ്രൈവർ (38) എന്നിവർക്കാണ് ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. ക്വാറന്റൈൻ കാലാവധിക്കിടെ ഇരുവരും വെള്ളിയാഴ്ച പുറത്തിറങ്ങിയതാണ് ആശങ്കയ്ക്ക് വഴിവെച്ചത്. കവല സ്വദേശിയുടെ ജനപ്രതിനിധിയായ പിതാവ് പഞ്ചായത്ത് ഓഫീസിൽ സന്ദർശനം നടത്തിയിരുന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമെില്ലന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

Exit mobile version