കേരളത്തിൽ കൊവിഡ് സമൂഹവ്യാപനം നടന്നു കഴിഞ്ഞു; ലക്ഷണമില്ലാത്ത രോഗികൾ വർധിക്കുന്നു; അപകടകരമായ സാഹചര്യം: ഐഎംഎ

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്ന് വീണ്ടും തുറന്നടിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ-ഐഎംഎ. ലക്ഷണങ്ങൾ ഇല്ലാത്ത രോഗികളുടെ എണ്ണം കേരളത്തിൽ വർധിക്കുകയാണെന്നും സംസ്ഥാനത്ത് വളരെ അപകടകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വർഗീസ് പറഞ്ഞു.

കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ ഗുരുതര സാഹചര്യത്തിലേക്ക് കേരളം എത്തിയേക്കാമെന്നാണ് ഐഎംഎയുടെ മുന്നറിയിപ്പ്. കൊവിഡ് വരില്ലെന്ന വിശ്വാസം തെറ്റാണെന്നും സമൂഹ വ്യാപന മുന്നറിയിപ്പ് നൽകുന്നത് പോലും ജനങ്ങൾ കാര്യത്തെ അർഹിക്കുന്ന ഗൗരവത്തിൽ എടുക്കാൻ വേണ്ടി കൂടിയാണെന്നുമാണ് ഐഎംഎ പറയുന്നത്.

ലോക്ക്ഡൗൺ ഇളവുകൾ ജനങ്ങൾ ദുരുപയോഗം ചെയ്തു. രോഗവ്യാപനം വേഗത്തിൽ കൂടുന്നുവെന്നും ഐഎംഎ പ്രതികരിച്ചു. കേരളത്തിൽ കൊവിഡ് സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി നേരത്തേയും ഐഎംഎ അറിയിച്ചിരുന്നു. കേരളത്തിൽ രോഗലക്ഷണങ്ങളിലാത്ത രോഗികളുടെ എണ്ണത്തിലുള്ള വർധനവും രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവർത്തകർക്കടക്കം രോഗം പിടിപെടുന്നതുമൊക്കെയാണ് ഇതിന് ഉദാഹരണമായി ഐഎംഎ അന്ന് ചൂണ്ടിക്കാണിച്ചിരുന്നത്. കേരളത്തിൽനിന്ന് രോഗലക്ഷണങ്ങളില്ലാതെ മറ്റു സംസ്ഥാനങ്ങളിലെത്തുന്നവർക്ക് അവിടെ കൊവിഡ് പോസിറ്റീവാകുന്നതും സമൂഹവ്യാപനം നടന്നിട്ടുണ്ടെന്നതിന്റെ സാധ്യതയായി ഐഎംഎ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കേരളത്തിൽ ഈ ഘട്ടം വരെ സമൂഹവ്യാപനം നടന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പും സർക്കാരും വ്യക്തമാക്കുന്നത്. ഉറവിടം കണ്ടെത്താനാവാത്ത നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുകയും ആ കേസുകൾ ക്ലസ്റ്ററുകളായി മാറുകയും അത് മൾട്ടി കമ്യൂണിറ്റി ക്ലസ്റ്റായി മാറുകയും ചെയ്യുമ്പോൾ മാത്രമേ സമൂഹവ്യാപനം നടന്നുവെന്ന് പറയാൻ സാധിക്കുകയുള്ളൂവെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

Exit mobile version