ബെര്‍ലിന്‍ മതിലിനു ശേഷം, നമ്മുടെ വനിതാ മതില്‍! ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വെള്ളാപ്പള്ളി കളളുകച്ചവടക്കാരനല്ല, പകരം നവോത്ഥാന നായകന്‍: പരിഹസിച്ച് അഡ്വ.ജയശങ്കര്‍

മുതലാളി പ്രതിയായ വിജിലന്‍സ് കേസുകളുടെ അന്വേഷണം തല്ക്കാലം മരവിപ്പിക്കാനും ധാരണയായി.

കൊച്ചി: ശബരിമല വിഷയത്തില്‍ കേരളത്തിന്റെ പുരോഗമന സമൂഹത്തെ പിന്നോട്ടടിക്കുന്ന നിലപാട് എടുത്തവര്‍ക്കെതിരെ വിവിധ നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ വനിത മതില്‍ തീര്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കേരള സര്‍ക്കാര്‍. ജനുവരി ഒന്ന് പുതുവര്‍ഷ തുടക്കത്തിലാണ് വനിത വന്‍മതില്‍ സംഘടിപ്പിക്കുന്നത്. ഹാദിയയെ തെരുവില്‍ ഭോഗിക്കണം എന്ന് ആക്രോശിച്ച സിപി സുഗതനെ കമ്മറ്റിയുടെ തലപ്പത്ത് നിയമിച്ചത് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. അതിനിടെ വനിത മതിലിനെ പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ ജയശങ്കര്‍ രംഗത്തെത്തി.

അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

നവോത്ഥാന മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ നവവത്സര ദിനത്തില്‍ വനിതാ മതില്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്തു നടന്ന നവോത്ഥാന സംഘടനകളുടെ മഹായോഗത്തിലാണ് വിപ്ലവകരമായ ഈ തീരുമാനം ഉരുത്തിരിഞ്ഞത്. നായാടി മുതല്‍ നമ്പൂരി വരെ സകല നവോത്ഥാന സമുദായങ്ങളെയും ക്ഷണിച്ചെങ്കിലും ചില കുലംകുത്തികള്‍ വിട്ടുനിന്നു. പങ്കെടുത്തവരില്‍ ചിലര്‍ എതിരഭിപ്രായം രേഖപ്പെടുത്തി. എങ്കിലും വനിതാ മതില്‍ എന്ന ആശയം പൊതുവെ അംഗീകരിക്കപ്പെട്ടു.

വീരശ്രീ വെളളാപ്പളളി നടേശന്‍ സംഘാടന കമ്മറ്റിയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. മുതലാളി പ്രതിയായ വിജിലന്‍സ് കേസുകളുടെ അന്വേഷണം തല്ക്കാലം മരവിപ്പിക്കാനും ധാരണയായി. പാര്‍ട്ടി പത്രമോ ചാനലോ വിദ്യാര്‍ത്ഥി- യുവജന നേതാക്കളോ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ അദ്ദേഹത്തെ കളളുകച്ചവടക്കാരന്‍ എന്നു വിളിച്ച് ആക്ഷേപിക്കുന്നതല്ല. പകരം നവോത്ഥാന നായകന്‍ എന്ന് അഭിസംബോധന ചെയ്യും.

വനിതാ മതിലിന്റെ മുഴുവന്‍ ചിലവും ഖജനാവില്‍ നിന്നാണ്. പ്രളയാനന്തര നവനിര്‍മാണത്തിനു സമാഹരിച്ച പൈസ ഈ ആവശ്യത്തിന് വകമാറ്റാം.

നവോത്ഥാനം ഹൈന്ദവരില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ കഴിയില്ല. സമാന ചിന്താഗതിക്കാരായ ക്രിസ്ത്യന്‍, മുസ്ലിം, സിഖ്, പാഴ്‌സി സഹോദരങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു.

സംസ്ഥാനത്തെ മൊത്തം തൊഴിലുറപ്പുകാരുടെയും സാന്നിധ്യം വനിതാ മതിലിന്റെ വിജയത്തിന് അനിവാര്യമാണ്. സാംസ്‌കാരിക നായികമാരും മടിച്ചുനില്ക്കരുത്.

ബെര്‍ലിന്‍ മതിലിനു ശേഷം, നമ്മുടെ വനിതാ മതില്‍.

Exit mobile version