ഇതിനൊക്കെ ഇടയ്ക്ക് നടി അഹാനയുടെ പോസ്റ്റ് കണ്ടു; അങ്ങേയറ്റം നിരുത്തരവാദപരവും, ജനദ്രോഹവുമായ സംഗതി; തിരുത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം കാരണമാണെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് നടി അഹാന കൃഷ്ണകുമാർ. നടിയുടെ ഈ പ്രവർത്തി ജനദ്രേഹപരമാണെന്നും ഇത് തിരുത്തേണ്ടതാണെന്നും ചൂണ്ടിക്കാണിച്ച് മാധ്യമപ്രവർത്തകൻ സനീഷ് ഇളയടത്ത് രംഗത്തെത്തി. നടിയും താനും ഒക്കെ ജീവിക്കുന്ന തിരുവനന്തപുരത്ത് കൊവിഡ് സ്ഥിതി ഗുരുതരമാക്കിയിട്ടുണ്ടെന്നും കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ആരോഗ്യസംവിധാനങ്ങൾ നിശ്ചയിച്ച മാനദണ്ഡങ്ങളൊക്കെ പാലിച്ചേ ഒരു സ്ഥലത്ത് ട്രിപ്പിൾ ലോക്ഡൗൺ ഒക്കെ പ്രഖ്യാപിക്കാനാവൂവെന്നും സനീഷ് വിശദീകരിക്കുന്നു.

സനീഷ് ഇളയടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഈ ബഹളങ്ങൾക്കൊക്കെയിടക്ക്, സിനിമാ നടി അഹാനാ കൃഷ്ണയുടേതായി ഇങ്ങനെ ഒരു പോസ്റ്റ് കണ്ടു. അങ്ങേയറ്റം നിരുത്തരവാദപരവും, ജനദ്രോഹവുമായ സംഗതിയാണ് ഇത്. രാഷ്ട്രീയവും അതിലെ തർക്കങ്ങളും നാട്ടിൽ അതിന്റെ വഴിക്ക് നടക്കും. അതിൽ ആളുകൾക്ക് അഭിപ്രായങ്ങൾ ഉണ്ടാകുന്നതും തെറ്റൊന്നുമല്ല. എന്നാൽ അതിന്റെ പേരിൽ നമ്മുടെ നാട്ടുകാര് നേരിടുന്ന അതിഗുരുതരമായ സ്ഥിതിയെ നിസ്സാരീകരിക്കുന്ന , അത് വഴി നാട്ടുകാരെ വലിയ അപകടത്തിൽ പെടുത്തുന്ന പരിപാടിയായിപ്പോയി ഈ നടിയുടേത് .

ഇന്നലെ 301 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 64 പേർക്ക്. അതിൽ 60 പേർക്കും സമ്പര്ക്കത്തിലൂടെയാണ് രോഗം വന്നത്. പൂന്തുറ സമൂഹവ്യാപന ഭീഷണിയിലാണ്. അവിടെ കമാൻഡോകളെയടക്കം വിന്യാസിച്ചിരിക്കുകയാണ്. ഇതെഴുതുന്ന ഞാനിരിക്കുന്ന കഴക്കൂട്ടത്ത് നിരത്തൊക്കെ ശൂന്യമാണ്. ഭയമുണ്ട് അന്തരീക്ഷത്തിൽ. ഇതേ തിരുവനന്തപുരത്താണ് ഈ നടിയും ജീവിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ നേതൃത്വം നൽകുന്ന, കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ആരോഗ്യസംവിധാനങ്ങൾ നിശ്ചയിച്ച മാനദണ്ഡങ്ങളൊക്കെ പാലിച്ചേ ഒരു സ്ഥലത്ത് ട്രിപ്പിൾ ലോക്ഡൗൺ ഒക്കെ പ്രഖ്യാപിക്കാനാവൂ. തിരുവനന്തപുരത്ത് അത്തരമൊരു നടപടി അനിവാര്യമാക്കുന്ന ഗൗരവാവസ്ഥ ശരിയായി തന്നെ ഉണ്ട്.

ഈ നടി സോഷ്യൽ മീഡിയയിൽ വലിയ കൂട്ടം ഫോളോവേഴ്‌സ് ഉള്ള ആളാണ്. രോഗത്തെക്കുറിച്ചും രോഗപ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നാട്ടുകാരെയാകെയാണ് ബാധിക്കുക എന്ന് ഓർമിപ്പിക്കുന്നു. തിരുത്തേണ്ടതാണ് ഇമ്മാതിരി ശരിയല്ലാത്ത കാര്യങ്ങൾ എന്ന് പറഞ്ഞ് കൊള്ളട്ടെ.

Exit mobile version