പൂര്‍ണഗര്‍ഭിണിയോട് ആശുപത്രി അധികൃതരുടെ അവഗണന; നിലത്ത് വീണ നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍

കൊല്ലം: പൂര്‍ണഗര്‍ഭിണിയോട് ആശുപത്രി അധികൃതരുടെ അവഗണന, നവജാതശിശുവിന് ഗുരുതര പരിക്കേറ്റതായി പരാതി. കൊല്ലം ഇഎസ്‌ഐ ആശുപത്രിയ്‌ക്കെതിരെയാണ് പരാതി.

പ്രസവ വേദന തുടങ്ങിയിട്ടും അവഗണിച്ചെന്നും രക്തംപോകുന്ന അവസ്ഥയിലെത്തിയിട്ടും ലേബര്‍ റൂമിലേക്ക് മാറ്റുകയോ ഡോക്ടറെത്തി പരിശോധിക്കുകയോ ചെയ്തില്ല. ഇതിനിടെ യുവതി ടോയ്‌ലെറ്റിലേക്ക് നടന്നുപോകുമ്പോള്‍ പ്രസവം നടക്കുകയും കുഞ്ഞ് നിലത്ത് വീഴുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യനില മോശമായതോടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

പരിശോധനകള്‍ക്കായി കഴിഞ്ഞ ദിവസം ഇഎസ്‌ഐ ആശുപത്രിയിലെത്തിയ ഉളിയക്കോവില്‍ സ്വദേശി വിജിയെയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. രാത്രിയോടെ പ്രസവ വേദന തുടങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരെ വിവരം അറിയിച്ചു. ഇതൊക്കെ സാധാരണമെന്നായിരുന്നു മറുപടി. വേദന കൂടിയിട്ടും അലറിക്കരഞ്ഞിട്ടും ആരും എത്തിയില്ലെന്ന് വിജിയുടെ അമ്മ പറയുന്നു.

ഇതിനിടെ, ടോയ്‌ലെറ്റിലേക്ക് നടന്നുപോകുമ്പോള്‍ യുവതി പ്രസവിക്കുകയായിരുന്നു. നിലത്തുവീണ കുട്ടിയെ അരമണിക്കൂര്‍ കഴിഞ്ഞെത്തിയ ഡോക്ടര്‍ പരിശോധിച്ച് കുഴപ്പമൊന്നുമില്ലെന്ന് അറിയിച്ചെങ്കിലും അല്‍പ സമയത്തിനുശേഷം കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വരുകയും ഹൃദയമിടിപ്പില്‍ വ്യത്യാസം ഉണ്ടാവുകയും ചെയ്തുവെന്ന് കുടുംബം പരാതിപ്പെടുന്നു.

അതേസമയം, വീഴ്ചയില്‍ കുട്ടിക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഇഎസ്‌ഐ ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ പൊലീസിലും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.

Exit mobile version