പ്രസവിക്കാന്‍ ഭയം; നാട്ടുമരുന്ന് കഴിച്ച് സ്വയം ഗര്‍ഭഛിദ്രത്തിനു ശ്രമിച്ച 7മാസം ഗര്‍ഭിണിയായ യുവതി മരിച്ചു

ചെന്നൈ: പ്രസവിക്കാനുള്ള ഭയത്തില്‍ നാട്ടുമരുന്ന് കഴിച്ച് സ്വയം ഗര്‍ഭഛിദ്രത്തിനു ശ്രമിച്ച 7 മാസം ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ കൊരട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഒഡിഷ സ്വദേശി പ്രതാപിന്റെ ഭാര്യ കുമാരി കഞ്ജകയാണ് മരിച്ചത്. 23 വയസായിരുന്നു. ഇരുവരും കെട്ടിടനിര്‍മാണ തൊഴിലാളികളായിരുന്നു.

ഒഡിഷയിലുള്ള കുമാരിയുടെ മൂത്തസഹോദരി ഈ മാസം ആദ്യം പ്രസവത്തെത്തുടര്‍ന്ന് മരിച്ചിരുന്നു. ഗര്‍ഭിണിയായ കുമാരി മരണാനന്തര ചടങ്ങുകള്‍ക്ക് സ്വദേശത്തേക്ക് പോയപ്പോള്‍ പ്രസവത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരുപാടുകാര്യങ്ങള്‍ നാട്ടുകാരില്‍നിന്നും കേട്ടറിഞ്ഞതും കഞ്ജകയെ ഭയപ്പെടുത്തിയിരുന്നു.

സഹോദരിയെപ്പോലെ താനും പ്രസവത്തിനിടെ മരിക്കുമോ എന്ന ആശങ്കയില്‍ ഭര്‍ത്താവിനെ അറിയിക്കാതെ സ്വയം ഗര്‍ഭഛിദ്രം നടത്താന്‍ കഞ്ജക തീരുമാനിക്കുകയായിരുന്നു. ഇതിന് ബന്ധുവായ സ്ത്രീയില്‍നിന്ന് ഗര്‍ഭം അലസിപ്പിക്കാന്‍ സഹായം തേടി. അവരാണ് യുവതിക്ക് നാട്ടുമരുന്ന് നല്‍കിയത്. മരുന്ന് കഴിച്ചുതുടങ്ങിയതോടെ അടിക്കടി യുവതിക്ക് വയറുവേദനയും മറ്റു ശാരീരികാസ്വസ്ഥതകളും അനുഭവപ്പെട്ടു.

എന്നാല്‍ മരുന്നിന്റെ കാര്യം ഭര്‍ത്താവിനോട് പറഞ്ഞിട്ടില്ലാത്തതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ യുവതി മറച്ചുവെച്ചു. കഴിഞ്ഞദിവസം വീട്ടില്‍ കുഴഞ്ഞുവീണപ്പോഴാണ് കുമാരിയെ ഭര്‍ത്താവ് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കില്‍പ്പോക്ക് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയത്. പരിശോധനയില്‍ ഗര്‍ഭാശയത്തില്‍ സങ്കീര്‍ണമായ അണുബാധ കണ്ടെത്തി.

അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും യുവതിയെ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ശാസ്ത്രീയചികിത്സ തേടാതെ ഗര്‍ഭഛിദ്രത്തിന് നാട്ടുമരുന്ന് കഴിച്ചിരുന്നതായാണ് ബന്ധുക്കളില്‍നിന്ന് അറിഞ്ഞതെന്നും ഏഴുമാസം വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Exit mobile version