വൃദ്ധസദനങ്ങള്‍ പെരുകുന്നു; ‘ദൈവത്തിന്റെ സ്വന്തം നാടാ’യ കേരളത്തില്‍ 5 വര്‍ഷത്തിനിടെ തുടങ്ങിയത് 111 വൃദ്ധസദനങ്ങള്‍!

ഇന്ന് കേരളത്തിലെ അനാഥ വൃദ്ധപരിചരണ കേന്ദ്രങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടു കഴിയുന്നവരില്‍ നാലും അഞ്ചും മക്കളുള്ള അച്ഛനമ്മമാര്‍ ഒട്ടേറെ ഉണ്ട്.

പത്തനംതിട്ട;’ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് വിശേഷിപ്പിക്കുന്ന കേരളത്തില്‍ ഇന്ന് വൃദ്ധസദനങ്ങള്‍ വര്‍ധിച്ച് വരുന്നു. കൂട്ടുകുടുംബ വ്യവസ്ഥകള്‍ അണുകുടുംബങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജീവിതം ഏറ്റവും ക്ലേശകരമായി തീര്‍ന്നിരിക്കുന്നത് സ്വാഭാവികമായും വൃദ്ധ ജനങ്ങള്‍ക്കാണ്.

ഇന്ന് കേരളത്തിലെ അനാഥ വൃദ്ധപരിചരണ കേന്ദ്രങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടു കഴിയുന്നവരില്‍ നാലും അഞ്ചും മക്കളുള്ള അച്ഛനമ്മമാര്‍ ഒട്ടേറെ ഉണ്ട്. അനാഥരായി ഉള്ളുനീറിക്കഴിയുന്ന അച്ഛനമ്മമാരുടെ എണ്ണം ഞെട്ടിപ്പിക്കുംവിധം മുകളിലേക്കാണ്. 5 വര്‍ഷം കൊണ്ട് ഇത്തരം കേന്ദ്രങ്ങളിലെ അന്തേവാസികളുടെ എണ്ണം 15,000 ത്തില്‍ നിന്ന് 23,823 ആയി. അമ്മമാര്‍ 9,596; അച്ഛന്മാര്‍ 14,227 പേര്‍. ഇതില്‍ മിക്കവരുടെയും മക്കള്‍ ജീവിച്ചിരിക്കുന്നു.

സര്‍ക്കാരിന്റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും മേല്‍നോട്ടത്തിലുള്ള വൃദ്ധസദനങ്ങള്‍ 5 വര്‍ഷം മുന്‍പ് 520 ആയിരുന്നെങ്കില്‍ ഇപ്പോള്‍ 631 എണ്ണമുണ്ട്. കൂടിയത് 111 എണ്ണം. സര്‍ക്കാരിന്റെ 16 കേന്ദ്രങ്ങളില്‍ മാത്രം 834 പേര്‍. ഇതില്‍ 340 േപരുടെയും മക്കള്‍ ജീവിച്ചിരിക്കുന്നു. രണ്ടില്‍ കൂടുതല്‍ മക്കള്‍ ഉള്ളവരാണ് മിക്കവരും.

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത സന്നദ്ധസംഘടനകള്‍ നടത്തുന്നതാണ് 615 വൃദ്ധസദനങ്ങള്‍. ഇവിടെയാണ് ഏകദേശം 23,000 പേരും. സര്‍ക്കാരിന്റെ അറിവോടെ നടക്കുന്ന അനാഥാലയങ്ങളില്‍ നിന്നുള്ള കണക്കുകള്‍ മാത്രമാണിത്. അതല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും അനാഥരാക്കപ്പെട്ട രക്ഷിതാക്കളുണ്ടെന്ന് അധികൃതര്‍ തന്നെ പറയുന്നു.

സര്‍ക്കാരിന്റെ വൃദ്ധസദനങ്ങളിലുള്ള ഓരോരുത്തര്‍ക്കും 2000 രൂപ നിരക്കിലും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള 615 കേന്ദ്രങ്ങളില്‍ 222 എണ്ണത്തിലെ ഓരോ അന്തേവാസിക്കും മാസം 1100 രൂപ നിരക്കിലും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഈ തുക സ്ഥാപനത്തിനാണു നല്‍കുന്നത്. ഫീസ് വാങ്ങി മാതാപിതാക്കളെ നോക്കുന്ന 22 വൃദ്ധസദനങ്ങളുണ്ട്. ഇവിടെ 180 പേരാണു കഴിയുന്നത്. വീട്ടില്‍ നിര്‍ത്താനുള്ള ബുദ്ധിമുട്ടു ചൂണ്ടിക്കാട്ടിയോ മക്കള്‍ വിദേശത്തായതിനാലോ ആണ് മാതാപിതാക്കളെ ഇവിടെ ആക്കുന്നത്. മക്കളുള്ള ആര്‍ക്കും പ്രവേശനം നല്‍കരുതെന്ന നിബന്ധന സര്‍ക്കാരിന്റെ 16 വൃദ്ധമന്ദിരങ്ങളിലുമുണ്ടെങ്കിലും പല കള്ളങ്ങള്‍ പറഞ്ഞ് ഇവിടെ ഉപേക്ഷിച്ചു പോകുന്നവര്‍ ഒട്ടേറെ.

പരിചരിക്കുന്നതിനു ഫീസ് നല്‍കിയിട്ടുണ്ടെന്നും പരിചയക്കാര്‍ നടത്തുന്ന സ്ഥാപനമാണെന്നും വിശ്വസിപ്പിച്ച് മാതാപിതാക്കളെ സര്‍ക്കാര്‍ അനാഥാലയത്തില്‍ വിട്ടിട്ടുപോയ അനുഭവവും അധികൃതര്‍ നിരത്തുന്നു. അച്ഛനെയും അമ്മയെയും കാണാന്‍പോലും വരാറില്ല, മക്കള്‍ മിക്കവരും. മുന്നില്‍ എറണാകുളം കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൃദ്ധമന്ദിരങ്ങള്‍ എറണാകുളം ജില്ലയില്‍ 125. അന്തേവാസികള്‍ 4097. തൃശൂരില്‍ 95 സ്ഥാപനങ്ങളിലായി 2915 പേരും കോട്ടയത്ത് 83 ഇടത്തായി 3199 പേരും. തിരുവനന്തപുരത്ത് 51 സ്ഥാപനങ്ങളിലായി 1304 പേരും പത്തനംതിട്ടയില്‍ 37 സ്ഥാപനങ്ങളിലായി 969 പേരുമാണു കഴിയുന്നത്.

Exit mobile version