ദിവസേന അതിര്‍ത്തി വഴിയുള്ള പോക്കുവരവ് അനുവദിക്കില്ല; രോഗ വ്യാപനത്തിന് ഇടയാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദിവസേന അതിര്‍ത്തി വഴിയുള്ള പോക്കുവരവ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേശ്വരത്ത് നിരവധി പേര്‍ ദിവസവും മംഗലാപുരത്തേക്കും തിരിച്ചും പോയി വരുന്നുണ്ട് ഇതു രോഗവ്യാപനത്തിന് ഇടയാക്കും എന്നതിനാല്‍ ദിവസേനയുള്ള പോക്കുവരവ് പറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതിര്‍ത്തി കടന്ന് ജോലിയാവശ്യത്തിന് പോകുന്നുവെങ്കില്‍ അവര്‍ മാസത്തില്‍ ഒരു തവണ വരുന്ന രീതിയില്‍ യാത്ര ക്രമീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതെസമയം സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 വിദേശത്ത് നിന്നും 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 35 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.

2 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന 82 വയസ്സുള്ള മുഹമ്മദ്, എറണാകുളം മെഡിക്കല്‍ കോളേജില്‍ 66 വയസ്സുള്ള യൂസഫ് സൈഫുദ്ദീന്‍ എന്നിവരാണ് മരിച്ചത്.മുഹമ്മദ് സൗദിയില്‍ നിന്നും വന്നതാണ്. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. യൂസഫ് വിവിധ രോഗം ബാധിച്ചയാള്‍ ആയിരുന്നു. എറണാകുളം മാര്‍ക്കറ്റില്‍ ഷോപ്പ് കീപ്പര്‍ ആയിരുന്നു.

സംസ്ഥാനത്ത് ഇതുവരെ 5,622 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2252 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 1,83,291പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. 2075പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്.

Exit mobile version