സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നത് സര്‍ക്കാരിന്റെ അലംഭാവം കാരണം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം കൂടുതല്‍ ശക്തമാക്കി സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും കോവിഡിനോട് പോരോടുമ്പോഴും രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണര്‍ത്തുന്നു.

ഇതിനിടെ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നത് സര്‍ക്കാരിന്റെ അലംഭാവം മൂലമാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

മടങ്ങിയെത്തിയ പ്രവാസികളുടെ ക്വാറന്റൈനില്‍ വെള്ളം ചേര്‍ത്തതും ലോക്ഡൗണ്‍ ഇളവുകളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാത്തതുമാണ് ഇപ്പോഴത്തെ ഗുരുതര സ്ഥിതിക്ക് കാരണം. സര്‍ക്കാര്‍ ഇപ്പോള്‍ കേരളത്തെ വന്‍ ദുരന്തത്തിലേക്കാണ് എത്തിച്ചിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എല്ലാ മേഖലകളും നിയന്ത്രണമില്ലാതെ തുറന്നുകൊടുത്തതിലൂടെ ലോക്ഡൗണിലൂടെ നേടിയ പ്രതിരോധത്തിന്റെ ഗുണവും ഇല്ലാതായി. സംസ്ഥാനത്ത് പരിശോധനകള്‍ കുറവാണെന്നത് വളരെ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. രോഗ ലക്ഷണങ്ങളുള്ളവരെ പോലും പരിശോധന നടത്താതെ നിരീക്ഷണത്തില്‍ വെക്കുകയാണ്.

പരിശോധനകളുടെ എണ്ണം കുറച്ച് കേരളം നമ്പര്‍ വണ്ണാണ് എന്ന് സ്ഥാപിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ഈ ശ്രമം ഇപ്പോള്‍ കേരളത്തെ തന്നെ വലിയ ദുരന്തത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നും ബിജെപി നേതാവ് ആരോപിച്ചു.

സംസ്ഥാനത്ത് കൊറോണ വൈറസ് സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ഐഎംഎ പോലുള്ള സംഘടനകള്‍ പറഞ്ഞിട്ടും സര്‍ക്കാര്‍ അത് അംഗീകരിക്കുന്നില്ല. സമൂഹ വ്യാപനം സ്ഥിരീകരിച്ചാല്‍ അതിനനുസരിച്ചുള്ള പ്രോട്ടോകോള്‍ പ്രകാരം പ്രതിരോധ നടപടികളിലേക്ക് തിരിയണം.

സ്ഥിതി ഗുരുതരമായ സ്ഥലങ്ങളിലെങ്കിലും എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം. രോഗികളുടെ എണ്ണം കൂടുന്നത് കേരളത്തിന്റെ പേര് നഷ്ടപ്പെടുത്തുമെന്ന സര്‍ക്കാരിന്റെ ദുര്‍വാശി സംസ്ഥാനത്ത് വലിയ ദുരന്തത്തിന് വഴിവെക്കുകയും മരണനിരക്ക് വര്‍ധിക്കാന്‍ ഇടയാക്കുകയും ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Exit mobile version