കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

കോട്ടയം: കോട്ടയം പൂവന്തുരുത്തില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു. പൂവന്തുരുത്ത് സ്വദേശി മധു(45)ആണ് മരിച്ചത്. ദുബായില്‍ നിന്ന് ജൂണ്‍ 26നാണ് എത്തിയത്. തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. മധുവിന് ആസ്തമയും അപസ്മാരവും ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയുന്ന ആള്‍ ആയതിനാല്‍ മധുവിന്റെ സ്രവ സാമ്പിളുകള്‍ പരിശോധിക്കും. സ്രവ പരിശോധനാഫലം ലഭിച്ചതിനു ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ.

അതിനിടെ മഞ്ചേരിയില്‍ നിരീക്ഷണത്തിലിക്കെ ഇന്നലെ മരിച്ച മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ച വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 29 ന് റിയാദില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. പനി ശക്തമായതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്.

ഇദ്ദേഹം നേരത്തെ രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 29 ന് റിയാദില്‍ നിന്നും നാട്ടിലേക്ക് എത്തിയ ഇദ്ദേഹത്തെ പനികൂടി ന്യുമോണിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ജൂലൈ ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകും മൃതദേഹം സംസ്‌ക്കരിക്കുക. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു.

Exit mobile version