ചികിത്സ തേടിയെത്തിയ ആൾക്ക് കൊവിഡ്; കടവന്ത്രയിലെ സഹകരണ ആശുപത്രിയിലെ ജീവനക്കാർ ക്വാറന്റൈനിൽ

കൊച്ചി: ചികിത്സതേടിയെത്തിയ ആൾക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ എറണാകുളം കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലെ 15 ജീവനക്കാരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുൻപ് ആശുപത്രിയിൽ ചികിത്സ തേടിയത്തിയ ആൾക്കാണ് കൊവിഡ് ടെസ്റ്റ് പോസിറ്റീവായത്.

കൊവിഡ് സ്ഥിരീകരിച്ച രോഗിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കടവന്ത്രയിലെ ഫഌറ്റിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇയാളുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടവരെയെല്ലാം ക്വാറന്റൈനിൽ പ്രവേശിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ച് എറണാകുളം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലാ ആശുപത്രിയിലെ 72 ജീവനക്കാരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ ആദ്യം ചികിത്സ തേടിയ ചെല്ലാനത്തെ ക്വാർട്ടിന ആശുപത്രി അടച്ചിടുകയും ചെയ്തിരുന്നു.

എറണാകുളത്ത് രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ച ജീവനക്കാരുടെ ആന്റിജൻ പരിശോധന നടത്തുകയാണ്. ഇതിൽ 25 പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും ബാക്കിയുള്ളവരുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം മന്ത്രി വിഎസ്.സുനിൽകുമാർ വ്യക്തമാക്കിയിരുന്നു.

Exit mobile version