കൊവിഡിന് മരുന്നില്ലെങ്കിൽ അക്കാര്യം സമ്മതിക്കണം, അല്ലാതെ പാരാസെറ്റാമോൾ ആണോ കൊടുക്കേണ്ടത്: തിരുവഞ്ചൂർ

കോഴിക്കോട്: കേരളത്തിലെ കൊവിഡ് രോഗികൾക്ക് രോഗശാന്തിക്ക് നൽകിയത് പാരസെറ്റാമോൾ മരുന്നാണെന്ന് കോൺഗ്രസ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കൊവിഡ് ഭേദമായി വന്നവർക്കൊക്കെ കൊടുത്തത് പാരസെറ്റാമോൾ ആണെന്നാണ് തനിക്ക് ലഭിച്ചിട്ടുള്ള വിവരമെന്ന് തിരുവഞ്ചൂർ പറഞ്ഞു.

കൊവിഡ് രോഗികൾക്ക്, അവർക്ക് പരിചരണമല്ലാതെ മറ്റെന്തെങ്കിലും ആശുപത്രി കൊടുത്തിട്ടുണ്ടോ എന്നും ചോദിച്ച തിരുവഞ്ചൂർ, കൊവിഡിന് മരുന്നില്ലെങ്കിൽ അക്കാര്യം സമ്മതിക്കണമെന്നും അല്ലാതെ പാരാസെറ്റാമോൾ ആണോ കൊടുക്കേണ്ടതെന്നും ചോദിച്ചു.

പാരസെറ്റാമോൾ ആണാ അതിന് മറുമരുന്ന്? മരുന്നില്ലെങ്കിൽ മരുന്നില്ലെന്ന് സമ്മതിച്ചാൽപ്പോരെ, ഏഷ്യാനെറ്റ് ന്യൂസ്-സി ഫോർ സർവേ അവലോകനയോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മുൻമന്ത്രി കൂടിയായ തിരുവഞ്ചൂരിന്റെ പ്രതികരണം.

അതേസമയം, ചൂടുകൂടിയാൽ മറ്റെന്ത് മരുന്നാണ് കൊടുക്കുക എന്ന് അവതാരകൻ തിരുവഞ്ചൂരിന്റെ വാദത്തിനോട് ചോദിക്കുന്നുണ്ട്. എന്നാൽ അത് പനിക്കുള്ളതാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി.

ആരോഗ്യമന്ത്രി കെകെ ശൈലജയെ കോൺഗ്രസ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൊവിഡ് റാണിയെന്നും നിപ്പാ രാജകുമാരിയെന്നും വിളിച്ചത് സാഹിത്യഭാഷയായി കാണണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. തിരുവഞ്ചൂരിന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡയിൽ വിമർശനം ഉയർന്നുവന്നിട്ടുണ്ട്.

Exit mobile version