സ്ഥിതി ഗൗരവം, കൊച്ചിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു, അതീവ ശ്രദ്ധ വേണമെന്ന് അധികൃതര്‍

കൊച്ചി: കൊച്ചിയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്. കൊച്ചി നഗരത്തില്‍ അതീവ ശ്രദ്ധ വേണമെന്ന് മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു.

എറണാകുളം മാര്‍ക്കറ്റിലെ മൂന്ന് പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എറണാകുളം മാര്‍ക്കറ്റ് കേന്ദ്രമായി കോവിഡ് ബാധിച്ചവരുടെ എണ്ണം പന്ത്രണ്ടായി ഉയര്‍ന്നു. നഗരത്തില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്നത് അധികൃതരെയും ജനങ്ങളെയും ഒന്നടങ്കം ആശങ്കയിലാഴ്ത്തുകയാണ്.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 66 വയസുള്ള തോപ്പുംപടി സ്വദേശിയുടെ വ്യാപാരസ്ഥാപനത്തില്‍ ജോലിക്കാരായ 39, 20 വയസുള്ള പശ്ചിമബംഗാള്‍ സ്വദേശികള്‍, 38 വയസുള്ള തമിഴ്‌നാട് സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് ലക്ഷണങ്ങളോടെ 72 പേരെയാണ് എറണാകുളം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് 211 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

Exit mobile version