ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ചെല്ലാനത്തെ 66കാരിക്ക് കൊവിഡ്; ഹാർബറും ആശുപത്രിയും അടച്ചിടും; ഡോക്ടർമാർ ഉൾപ്പടെ 72 പേർ ക്വാറന്റൈനിൽ

കൊച്ചി: എറണാകുളം ജില്ലാ ആശുപത്രിയിൽ ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ചെല്ലാനം സ്വദേശിയായ 66കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ ആശങ്ക. ഇതേതുടർന്ന് ചെല്ലാനം ഫിഷിങ് ഹാർബർ അടച്ചിടും. ഇവർ ചികിത്സയിലായിരുന്ന എറണാകുളം ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള 72 ആരോഗ്യ പ്രവർത്തകരെ ക്വാറന്റൈനിലാക്കി. മന്ത്രി വിഎസ് സുനിൽകുമാർ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ജൂൺ 29 മുതൽ ചെല്ലാനം സ്വദേശിനി എറണാകുളം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്നാണ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള 72 ആരോഗ്യപ്രവർത്തകരെ ക്വാറന്റൈനിലാക്കിയത്. ഇവരുടെ ആന്റിജൻ ടെസ്റ്റ് നടത്താനുള്ള ശ്രമത്തിലാണ്. തൊഴിലുറപ്പ് തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ താമസിക്കുന്ന പതിനഞ്ചാം വാർഡ് കണ്ടെയിൻമെന്റ് സോണാക്കും.

അതേസമയം, രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ ഭർത്താവും മകനും ചെല്ലാനം ഹാർബർ ജോലിക്കാരാണ്. അതുകൊണ്ട് തന്നെ പ്രദേശത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പ്രദേശത്ത് മത്സ്യബന്ധമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മറ്റ് പ്രദേശങ്ങളിലേക്ക് പോകരുതെന്നതടക്കം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവർ ചികിത്സ തേടിയ ചെല്ലാനം ക്വാർട്ടിന ആശുപത്രി അടച്ചിടുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം എറണാകുളം മാർക്കറ്റുമായി ബന്ധപ്പെട്ട് 132 പേരുടെ സ്രവ പരിശോധന നടത്തിയിരുന്നു. ഇതിൽ ഫലം വന്ന ഒൻപത് പേർക്കും രോഗബാധയില്ല.

Exit mobile version