കൊവിഡ് 19; തലസ്ഥാനത്ത് ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നു, നഗരത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, അണുനശീകരണം ഇന്ന് മുതല്‍

തിരുവനന്തപുരം: തലസ്ഥാനത്ത് ഉറവിടം അറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഉറവിടമറിയാതെ നാല് പേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതോടെ നഗരത്തിലെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. അപകടകരമായ സാഹചര്യമാണ് നഗരത്തിലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച അസം സ്വദേശി നഗരഹൃദയത്തിലെ തിരക്കേറിയ സാഫല്യം കോംപ്ലക്‌സിലെ ജീവനക്കാരനാണ്. നിരവധി ആളുകള്‍ വന്നുപോയിരുന്ന സ്റ്റേഷനറി കടയിലെ ജീവനക്കാരനായിരുന്ന ഇയാള്‍ക്ക് യാത്ര പശ്ചാതലമൊന്നുമില്ല. രോഗലക്ഷങ്ങളോടെ 29 നാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയതത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സാഫല്യം കോംപ്ലക്‌സിനോട് ചേര്‍ന്നുള്ള പാളയം മാര്‍ക്കറ്റില്‍ അടക്കം കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

പാളയം മാര്‍ക്കറ്റില്‍ ഇനി മുതല്‍ വഴിയോര കച്ചവക്കാരെ അനുവദിക്കില്ല. മാര്‍ക്കറ്റിന്റെ മുന്‍ഗേറ്റിലൂടെ മാത്രമേ ആളുകളെ കടത്തിവിടുകയുള്ളുവെന്നും മാര്‍ക്കറ്റില്‍ എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനായി പ്രത്യേക കൗണ്ടര്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ ഇന്ന് അണുവിമുക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version