ചെലവാക്കിയത് 721 കോടി; പാലിയേക്കര ടോൾപ്ലാസ പിരിച്ചത് 800 കോടി; ഇനി പിരിക്കാൻ പോകുന്നത് 1200 കോടി; നിരക്ക് കുറക്കാതെയും തട്ടിപ്പ്

തൃശ്ശൂർ: ദേശീയ പാത നിർമ്മാണത്തിനായി ചെവഴിച്ച തുകയും ലാഭവും ജനങ്ങളിൽ നിന്നും പിരിച്ചെടുത്തിട്ടും ടോൾ നിരക്കുകളിൽ കുറവു വരുത്താതെ പാലിയേക്കര ടോൾപ്ലാസയിൽ തട്ടിപ്പ്. ദേശീയ പാതയുടെ നിർമ്മാണ ചെലവിനേക്കാൾ 80 കോടിയോളം രൂപ അധികമായി ഇതിനോടകം പിരിച്ചെടുത്തെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. ടോൾ പിരിവിന്റെ കാലാവധി എട്ടു വർഷം കൂടി ബാക്കി നിൽക്കെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്.

ദേശീയപാതയുടെ നിർമ്മാണത്തിനായി 721.21 കോടി രൂപയാണ് ചെലവായതെന്നാണ് ദേശീയപാത അതോറിറ്റിയുടെ രേഖകളിൽ പറയുന്നത്. എന്നാൽ 2020 മെയ് മാസം വരെ ടോളായി പിരിച്ചെടുത്തത് 800.31 കോടി രൂപയാണ്. 2012 ഫെബ്രുവരി ഒമ്പത് മുതലാണ് പാലിയേക്കരയിൽ ടോൾ പിരിവ് ആരംഭിച്ചത്. ടോൾ പിരിവ് ആരംഭിച്ച് എട്ട് വർഷം പിന്നിടുമ്പോൾ ഓരോ വർഷവും ശരാശരി എകദേശം 100 കോടിയോളം തുക ടോളായി പിരിച്ചെടുക്കുന്നുണ്ട്.

ദേശീയ പാതയുടെ നിർമ്മാണ ചെലവിന് ആനുപാതികമായ തുക പിരിച്ചുകിട്ടി കഴിഞ്ഞാൽ പിന്നീട് ടോൾ പിരിവിൽ കുറവ് വരുത്തണമെന്നാണ് നിയമം. എന്നാൽ ഇക്കാര്യം ഇതുവരെ പാലിയേക്കരയിൽ നടപ്പാക്കിയിട്ടില്ല. എട്ട് വർഷത്തിനിടെ ഇതുവഴി 12 കോടി വാഹനങ്ങളാണ് ടോൾ കൊടുത്ത് കടന്നുപോയതെന്നാണ് കണക്കുകൾ. 2028 വരെയാണ് ഇവിടെ ടോൾ പിരിക്കാൻ അനുമതിയുള്ളത്.

നിലവിലെ രീതിയിലാണെങ്കിൽ വരും വർഷങ്ങളിൽ 1200 കോടിയോളം രൂപ കമ്പനി പിരിച്ചെടുക്കും. 721.21 കോടി മുടക്കി നിർമിച്ച റോഡിന് വേണ്ടി നിർദ്ദേശിച്ച കാലാവധി വരെ ടോൾ പിരിക്കുമ്പോൾ കമ്പനി ജനങ്ങളിൽ നിന്ന് ഈടാക്കുക ഏകദേശം 2000 കോടിയോളം രൂപയാണ്.

Exit mobile version