‘താമരാക്ഷന്‍പിള്ള ബസ്’ അല്ല ഇത്, വരുമാനം കുറഞ്ഞതോടെ ബസ് പച്ചക്കറി കടയാക്കി ജീവനക്കാര്‍, അതിജീവിക്കും

പാലക്കാട്: കാണുമ്പോള്‍ ബസ് ആണെങ്കിലും സീറ്റുകള്‍ ഒന്നുമില്ല, അതിന്റെ സ്ഥാനത്ത് വെണ്ടയും പയറും പാവലും തക്കാളിയും ഒക്കെയാണ്. ദിലീപിന്റെ പറക്കുംതളിക സിനിമയിലെ താമരാക്ഷന്‍പിള്ള ബസ് ആണെന്ന് ഒരുമാത്ര തോന്നുമെങ്കിലും കോവിഡ് കാരണം തൊഴില്‍ പ്രതിസന്ധിയിലായ ബസ് ജീവനക്കാരുടെ അതിജീവന മാര്‍ഗമാണിത്.

കോവിഡ് പ്രതിസന്ധിയിലായതോടെ യാത്രക്കാര്‍ കുറഞ്ഞ് ബസ് ജീവനക്കാരും തൊഴിലില്ലാതെ ബുദ്ധിമുട്ടിലായി. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പലരും മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. അതിനിടെയാണ് ബസ് ഉപയോഗിച്ച് മറ്റ് എന്ത് ചെയ്യുമെന്ന പാലക്കാട്ടെ ഒരു പറ്റം ബസ് ജീവനക്കാരുടെ ചിന്ത പച്ചക്കറി കച്ചവടത്തിലാണ് എത്തിയത്.

പാലക്കാട് – മലമ്പുഴ റൂട്ടില്‍ വര്‍ഷങ്ങളായി ചീറി പാഞ്ഞ ഇതിഹാസ് ബസാണ് ഒടുവില്‍ പച്ചക്കറിക്കടയായി മാറിയത്. ലോക് ഡൗണായതിനാല്‍ കൂറെ ദിവസം വണ്ടി നിര്‍ത്തിയിട്ടു. ലോക് ഡൗണില്‍ ഇളവ് വന്ന് സര്‍വീസ് പുനരാരംഭിച്ചെങ്കിലും ഡീസല്‍ ചെലവ് കഴിഞ്ഞ് മിച്ചം ഒന്നുമില്ല.

നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ ബസ് ഉടമക്ക് കഴിയില്ല. എന്നാല്‍ തൊഴിലാളികള്‍ക്ക് ജീവിക്കുകയും വേണം. പിന്നെ രണ്ടാമത് ചിന്തിക്കാന്‍ നില്‍ക്കാതെ നല്ല ഫ്രഷ് പച്ചക്കറി കിട്ടുന്ന കിടിലന്‍ പച്ചക്കറിക്കടയാക്കി ബസിനെ മാറ്റി. വെണ്ടയും പയറും പാവലും തക്കാളിയും തുടങ്ങി എല്ലാ പച്ചക്കറികളും ഈ ബസില്‍ നിന്നും ലഭിക്കും. ബസ് ജീവനക്കാരുടെ സംരംഭത്തിന് നാട്ടുകാരുടെ പൂര്‍ണപിന്തുണയും നല്ല സഹകരണവും ഉണ്ട്.

Exit mobile version