യാത്രക്കിടെ നെഞ്ചുവേദന; ട്രിപ്പ് പാതിവഴിയില്‍ മുടക്കി സുബൈദയെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍, റിബിനും ഷംസീറിനും നിറകൈയ്യടി

bus employees | Bignewslive

യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവതിയെ കൃത്യ സമയത്ത് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍. കൊവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക ഞെരുക്കം നേരിടുന്ന സാഹചര്യത്തിലാണ് ട്രിപ്പ് പോലും മുടക്കി ഒരു ജീവന്‍ രക്ഷിക്കാനായി ബസ് പാഞ്ഞത്.

തൃശ്ശൂര്‍ – പറപ്പൂര്‍ ചാവക്കാട് റൂട്ടിലോടുന്ന ജോണീസ് ജോണിച്ചന്‍ (വില്ലന്‍) ബസിലെ ഡ്രൈവര്‍ ചാവക്കാട് നരിയംപുള്ളി വീട്ടില്‍ റിബിന്‍ ബാലന്‍, കണ്ടക്ടര്‍ എടക്കഴിയൂര്‍ അയ്യത്തയില്‍ ഷംസീര്‍ എന്നിവരാണ് മാതൃകയായത്. ബുധനാഴ്ച രാവിലെ 7.10-ന് ചാവക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് പോയിരുന്ന ബസില്‍ കയറിയതായിരുന്നു ചാവക്കാട് സ്വദേശിയായ സുബൈദയും മകളും. മെഡിക്കല്‍ കോളേജിലേക്കായിരുന്നു ഇവരുടെ യാത്ര.

യാത്രയ്ക്കിടെ പറപ്പൂര്‍ എത്തിയപ്പോള്‍ സുബൈദയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ മറ്റ് യാത്രക്കാര്‍ കണ്ടക്ടറെ വിവരമറിയിച്ചു. തുടര്‍ന്ന് യാത്രക്കാരുടെ സഹകരണത്തോടെ മറ്റ് സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്താതെ നേരെ അമല ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. ആശുപത്രി കവാടത്തിന് സമീപം ബസ് നിര്‍ത്തിയെങ്കിലും സുബൈദയുടെ ശരീരം തളര്‍ന്ന നിലയിലായിരുന്നു. ഇതോടെ ഡ്രൈവറായ റിബിന്‍ ബസ് അത്യാഹിത വിഭാഗത്തിലേക്ക് കയറ്റി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുകയായിരുന്നു. തക്കസമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ യാത്രക്കാരി ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു. നേരത്തെ ഗുരുവായൂര്‍ ആക്ട്സിലെ ആംബുലന്‍സ് ഡ്രൈവറായിരുന്നു റിബിന്‍.

Exit mobile version